മുല്ലപ്പെരിയാര്‍: ഭൂകമ്പസാധ്യത പഠിക്കും

single-img
3 January 2012

ന്യൂഡല്‍ഹി:ഭൂകമ്പ സാധ്യത കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും വിസമ്മതിച്ചു. മുല്ലപ്പെരിയാറില്‍ തത്സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവു നിലനില്‍ക്കുന്നതിനാലാണിത്. അതേസമയം, മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂകമ്പ സാധ്യതയെക്കുറിച്ചു പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതാധികാര സമിതി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു നിര്‍ദേശിച്ചു.

ജലനിരപ്പ് 120 അടിയാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയെങ്കിലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്ത ഉന്നതാധികാര സമിതി, ഇക്കാര്യത്തിലുള്ള നിലപാടുകള്‍ ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചു. ഇരുസംസ്ഥാനങ്ങളുടെ വാദവും പൂര്‍ത്തിയാക്കി. ഫെബ്രുവരി രണ്ടാംവാരം സുപ്രീം കോടതിക്ക് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ഈ മാസം 24, 25 തീയതികളില്‍ സമിതി രണ്ടു തവണ യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് രൂപീകരിക്കുമെന്നും കേരളത്തിന്റെ പ്രതിനിധി ജസ്റ്റീസ് കെ.ടി. തോമസ് അറിയിച്ചു.