താനെ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അഞ്ച്‌ പേര്‍ മരിച്ചു

single-img
29 December 2011

ചെന്നൈ: തമിഴ്‌നാട് തീരത്ത് ആഞ്ഞുവീശുന്ന താനെ ചുഴലിക്കാറ്റില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതുച്ചേരിയില്‍ മണ്ണിടിഞ്ഞു വീണും ഒഴുക്കില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മൂന്നു പേര്‍ മരിച്ചത്. ഇവിടെ നൂറോളം കുടിലുകള്‍ ഒലിച്ചുപോയി. 140 കിലോമീറ്റര്‍ വേഗത്തിലാണ് താനെ ചുഴലിക്കാറ്റ് ഇപ്പോള്‍ പുതുച്ചേരി തീരത്ത് വീശുന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പുതുച്ചേരി തീരത്ത് ഒന്നര മീറ്റര്‍ ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിക്കുന്നത്.

ചുഴലിക്കാറ്റിനൊപ്പം എത്തിയ കനത്ത മഴയില്‍ പുതുച്ചേരിയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇന്നു പുലര്‍ച്ചെ രണ്ടു മണി മുതല്‍ മാത്രം 14 സെന്റിമീറ്റര്‍ മഴയാണ് പുതുച്ചേരിയില്‍ രേഖപ്പെടുത്തിയത്. കടലൂരില്‍ ഏഴു സെന്റിമീറ്റര്‍ മഴ പെയ്തു. മുന്‍കരുതലെന്ന നിലയ്ക്ക് ഇന്നലെ രാത്രി 11 മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.