ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

single-img
26 December 2011

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കടുത്ത് സാല്‍ഫോര്‍ഡിനു സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. സാല്‍ഫോര്‍ഡിലെ മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റിനു സമീപമാണ് സംഭവം. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ സാല്‍ഫോര്‍ഡിലെത്തിയ പെണ്‍കുട്ടികളടങ്ങുന്ന ഒന്‍പതു അംഗ വിദ്യാര്‍ഥിക സംഘം തെരുവിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് യാതൊരു പ്രകോപനവും കൂടാതെ ഒരാള്‍ വെടിയുതിര്‍ത്തത്.

രണ്ടുപേരടങ്ങുന്ന സംഘം വിദ്യാര്‍ഥികളുമായി സംസാരിച്ചതിനുശേഷം പോക്കറ്റില്‍നിന്നു തോക്ക് എടുത്തു വെടിവയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇരുവരും രക്ഷപെട്ടതായി പോലീസ് പറഞ്ഞു. ലാന്‍സാസ്റ്റര്‍ സര്‍വകലാശാലയിലെ 23കാരനായ പി.ജി. ഇലക്‌ട്രോണിക്‌സ് ബിരുദവിദ്യാര്‍ഥിയാണ് വെടിയേറ്റുമരിച്ചതെന്ന് പോലീസ് അറിയിച്ചു. മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്‌ടെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയതു ബ്രിട്ടീഷ് വംശജരാണെന്നാണ് സൂചന. അതേസമയം, സംഭവം വംശീയാക്രമണമാണോയെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ പോലീസ് തയാറായില്ല. ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥിയുടെ പേരുവിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം നടക്കുന്നതായും അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.