കൊച്ചിയെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നു

കൊച്ചി: കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ച് കൊച്ചി നഗരത്തെ കേരളത്തിലെ രണ്ടാമത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. ജനുവരി ഒന്‍പതിന് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
തിരുവനന്തപുരം നഗരത്തെയാണ് ആദ്യം നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചത്. രണ്ടാംഘട്ട നടപടികളുടെ ഭാഗമായാണ് കൊച്ചി നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതെന്നു മന്ത്രി പറഞ്ഞു. വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചുകഴിഞ്ഞു. ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു പുതിയ ക്രമീകരണം നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണു പദ്ധതി ഇപ്പോള്‍ നടന്നുവരുന്നത്.
കൊച്ചി നഗരത്തെ നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ മറ്റു നഗരസഭകളിലും പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വരുംദിനങ്ങളില്‍ എറണാകുളം ജില്ലയിലെ വിവിധ തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തും. നോക്കു കൂലിവിമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പലവട്ടം സംസ്ഥാനത്ത് തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു. ഇറക്കേണ്ട സാധനങ്ങളുടെ കൂലി ഉപഭോക്താവിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ശാഖകളിലും മുന്‍കൂറായി അടയ്ക്കാം. സാധനങ്ങളുടെ പട്ടികയും കൂലിയും രേഖപ്പെടുത്തേണ്ട അപേക്ഷ റസിഡന്റ്സ് അസോസിയേഷനുകളിലും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ഓഫീസുകളിലും തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാകും.
ബാങ്കില്‍ അടയ്ക്കുന്ന തുക തൊഴിലാളികള്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ ബോര്‍ഡിന്റെ ലോക്കല്‍ ഓഫീസില്‍ നിന്നോ കൈപ്പറ്റാന്‍ കഴിയും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. കയറ്റിറക്കു സാധനങ്ങളുടെ പട്ടികയും നിരക്കും തൊഴില്‍വകുപ്പിന്റെ വെബ്സൈറ്റും റസിഡന്റ്സ് അസോസിയേഷനുകളും മറ്റ് സന്നദ്ധസംഘടനകളും വഴി ജനങ്ങളില്‍ എത്തിക്കും. വാഹനത്തില്‍ അടുക്കിവയ്ക്കുന്നതിനും ഇറക്കുന്നതിനും ഉള്‍പ്പെടെയുള്ള കൂലിയാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. 25 മീറ്റര്‍ ചുമക്കുമ്പോള്‍ നല്‍കേണ്ട കൂലിയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡുവഴിയും ജില്ലാ ലേബര്‍ ഓഫീസുവഴിയും പരിഹരിക്കാം. തൊഴില്‍ വകുപ്പിന്റെ ഹെല്പ്ലൈന് വഴിയും പരാതികള്‍ ഉന്നയിക്കാനും പരിഹാരം കാണാനും കഴിയും. അംഗീകൃത നിരക്കില്‍ കൂടുതല്‍ തുക കൈപ്പറ്റുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കിയിട്ടുണെ്ട ന്നും മന്ത്രി പറഞ്ഞു.