മൂന്നാറില്‍ കേരളവിരുദ്ധ നീക്കം ശക്തിപ്രാപിക്കുന്നു

single-img
21 December 2011

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ കനക്കുന്നു. തമിഴരും മലയാളികളും രണ്ടുതട്ടിലേക്കാകുന്നതിന്റെ സൂചനകളാണ് ഇവിടെനിന്നു ലഭിക്കുന്നത്. കലാപം ഭയന്ന് കോളനികളില്‍ താമസിച്ചിരുന്ന മലയാളി തൊഴിലാളികള്‍ പലരും കോളനി വിട്ടുപോകാന്‍ തുടങ്ങിയിരിക്കുകയാണ്.
മൂന്നാര്‍ തേയിലത്തോട്ടങ്ങളിലെ മലയാളി തൊഴിലാളികള്‍ കോളനികളില്‍ വാടകവീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവരാണ് ഇപ്പോള്‍ ആനച്ചാലിലുള്ള ഇവരുടെ ബന്ധുവീടുകളിലേക്കും മറ്റും മാറിത്തുടങ്ങിയിരിക്കുന്നത്.

എസ്‌റ്റേറ്റിലെ ഓഫീസ് ജീവനക്കാരായ മലയാളികളും തമിഴ് സ്വാധീനം കൂടുതലുള്ള മേഖലയില്‍നിന്നും ഒഴിഞ്ഞുപോയിത്തുടങ്ങിയിട്ടുണ്ട്. തമിഴര്‍ക്കെതിരേ എന്തെങ്കിലും സംസാരിച്ചാല്‍ അത് തമിഴ് – മല യാളം വികാരമായി ഉയര്‍ത്തി ഭീഷണിയും അക്രമശ്രമങ്ങളും ആരംഭിച്ചതോടെയാണ് മലയാളികള്‍ കോളനികളില്‍നിന്നും ഒഴിഞ്ഞുതുടങ്ങിയിരിക്കുന്നത്.

ഇതിനിടയില്‍ ഇവിടെ കേരളവിരുദ്ധ പ്രചാരണം ശക്തിപ്രാപിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടില്‍നിന്നും നിരവധിയാളുകള്‍ ദിവസവും മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടുകാരായ മൂന്നാറിലെ തൊഴിലാളികളെ കേരളത്തിനെതിരേ സംഘടിപ്പിക്കുകയാണ് ആഗമനലക്ഷ്യം.

പണവും വാഗ്ദാനങ്ങളും ഏറെ നല്‍കിയാണ് കേരളവിരുദ്ധ പ്രചാരണം നടക്കുന്നത്. ‘നക്കീരന്‍’ വാരിക ഇടുക്കി തമിഴ്‌നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെടുന്ന മൂന്നാറുകാരുടെ അഭിമുഖവും പ്രസിദ്ധീകരിച്ചു. കേരളവിരുദ്ധ പ്രകടനം നടത്തിയവരുടെ അഭിമുഖം പ്രസിദ്ധീകരിച്ച വാരിക നൂറുകണക്കിന് ഇവിടെ വിതരണംചെയ്തിട്ടുണ്ട്. കൂടാതെ കേരളവിരുദ്ധ ലഘുലേഖകളുമുണ്ട്.

തമിഴ്‌നാടുസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നിരത്തിക്കാട്ടി ഇടുക്കി ജില്ല തമിഴ്‌നാടിനോടു ചേര്‍ത്താല്‍ ഈ ആനുകൂല്യങ്ങള്‍ ഇവിടെയുള്ളവര്‍ക്കും ലഭിക്കുമെന്ന പ്രചാരണമാണ് വാരികയിലൂടെ നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുവേളയില്‍ തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വാരിക്കോരിയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇതാണ് പ്രാഥമികമായി ഇവിടെ ആയുധമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നും ഉടുമല്‍പേട്ടവഴി ഒന്‍പതാര്‍വരെയാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ വാഹനങ്ങള്‍ എത്തുന്നത്. അവിടെനിന്നും കേരളത്തിന്റെ വാഹനങ്ങള്‍ കേരളത്തിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. മലയാളികള്‍ തമിഴ്‌നാട്ടിലേക്കു പോകുന്നത് ഒന്‍പതാറില്‍ തമിഴ്‌നാട് പോലീസ് തന്നെ വിലക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലേക്ക് യാതൊരു തടസവുമില്ലാതെയാണ് ആളുകള്‍ എത്തുന്നത്.