നാല്പതുവര്ഷങ്ങള്ക്കു ശേഷം ഹസാരെ സിനിമ കണ്ടു, വെല്‍ക്കം ബാക് മഹാത്മ

18 December 2011
ചെന്നൈ: ലോക്പാല്‍ സമരങ്ങളിലൂടെ ശ്രദ്ധേയനായ അന്നാ ഹസാരെ നാല്പതുവര്ഷങ്ങള്ക്കുശേഷം ഒരു സിനിമ കണ്ടു. വെല്‍കം ബാക് മഹാത്മ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമരചരിത്രമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
ബാംഗളൂരില്‍ നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഹസാരെ സംഘത്തിന് ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ ചെന്നൈ ചാപ്റ്റര്‍ നല്കിയ സ്വീകരണത്തിനിടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തമിഴിലെ മുതല്‍വര്‍ മഹാത്മ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണിത്. ബാലകൃഷ്ണനാണു ചിത്രത്തിന്റെ സംവിധായകന്. നുങ്കമ്പാക്കം ഫോര്‍ഫ്രെയിംസ് തിയറ്ററിലായിരുന്നു പ്രദര്‍ശനം.
അരവിന്ദ് കേജരിവാള്‍, കിരണ്‍ ബേദി, സന്തോഷ് ഹെഗ്ഡെ, ദിനേശ് വഗേല എന്നിവരാണ് ഹസാരെ സംഘത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെത്തിയ ഇവരെ പെരിയാര്‍ ദ്രാവിഡ മുന്നേറ്റ കഴകം, മക്കള്‍ ശക്തി കട്ചി എന്നിവര്‍ കരിങ്കൊടി കാണിച്ചു.