മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

single-img
7 December 2011

കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന സംഘര്‍ഷം മലയാളികളുടെ നിലനില്‍പ്പിനെ ഏറെ ബാധിച്ചതായി സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളില്‍ കഴിയുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഭീതിയുടെയും അസൗകര്യങ്ങളുടെയും നടുവിലാണ്. മുല്ലപ്പെരിയാര്‍ വെള്ളത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന വംശീയ പ്രശ്‌നം ഹോസ്റ്റലുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കു വെള്ളം നല്കാതെയാണ് തമിഴ്‌നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്.

കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. യാത്രാമധ്യേ തമിഴ്‌നാട്ടില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച മുതല്‍ കമ്പം, ഗൂഡല്ലൂര്‍ മേഖലകളില്‍ അകപ്പെട്ട് ഒളിവില്‍ താമസിക്കുന്ന നിരവധി മലയാളികളുണെ്ടന്നാണ് സൂചന. ബാംഗളൂരില്‍ പോയി തിരികെ വരുമ്പോള്‍ തിങ്കളാഴ്ച കമ്പത്ത് അകപ്പെട്ട കോട്ടയം സ്വദേശികളായ ദമ്പതിമാര്‍ ഇതുവരെ നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല.

തമിഴ്‌നാട്ടില്‍ ജോലിക്കു പോയവരും സ്ഥാപനങ്ങള്‍ നടത്തുന്നവരുമായ മലയാളികള്‍ പീഡനമേറ്റാണ് കേരളത്തിലെത്തിക്കൊണ്ടിരിക്കുന്നത്. കമ്പത്ത് വാഹന വര്‍ക്‌ഷോപ്പില്‍ പോയ കോരുത്തോട് കൊച്ചാലുംമൂട് രാജുവിന് ചൊവ്വാഴ്ച ക്രൂരമായ മര്‍ദനമേറ്റിരുന്നു. തമിഴ്‌നാട് മേഖലകളില്‍ ഏറെ പീഡനം മലയാളികള്‍ ഏറ്റുവാങ്ങിയിട്ടും കേരള സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതും വിദ്യാര്‍ഥികളുടെ അവസ്ഥ അന്വേഷിക്കാന്‍ തയാറാകാത്തതും ഏറെ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.