സര്‍ക്കാര്‍ വെട്ടിലായി; കേരളത്തിനു ക്ഷീണവും

single-img
2 December 2011

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ അഡ്വക്കറ്റ് ജനറലിന്റെ ഒറ്റ പരാമര്‍ശത്തോടെ സര്‍ക്കാരും യുഡിഎഫും വെട്ടിലായി; കേരളം ഉയര്‍ത്തിക്കൊണ്ടു വന്ന വാദങ്ങള്‍ ദുര്‍ബലമാകുന്ന സ്ഥിതിയും സംജാതമായി.രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്ന വിഷയത്തിനു രാഷ്ട്രീയമാനങ്ങള്‍ കൂടി കൈവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നു. ഇതിനിടെ, സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാടിനെതിരേ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യ നിലപാട് സ്വീകരിച്ചതോടെ മുല്ലപ്പെരിയാറിന്റെ പേരില്‍ തുടര്‍ചലനങ്ങള്‍ ഇരുമുന്നണികളിലുമുണ്ടാകുന്നതിന്റെ സൂചനകളാണു കാണുന്നത്.

മുല്ലപ്പരിയാര്‍ കേസില്‍ കേരളത്തിനുവേണ്ടി ഹാജരാകുന്ന അഡ്വക്കറ്റ് ജനറലിനെതിരേ നേരത്തേ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തമിഴ്‌നാടിനുവേണ്ടി മുല്ലപ്പെരിയാര്‍ കേസില്‍ മുമ്പ് അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തതാണെന്നായിരുന്നു ആരോപണം. അങ്ങനെയുള്ള വ്യക്തിയുടെ വിശ്വാസ്യതയില്‍ സംശയിക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കേ, എജിയില്‍നിന്നുണ്ടായ പരാമര്‍ശങ്ങള്‍ സംശയമുയര്‍ത്തിയാല്‍ കുറ്റം പറയാന്‍ കഴിയില്ല. കുറഞ്ഞപക്ഷം പ്രതിപക്ഷത്തിനെങ്കിലും ശക്തമായ ഒരു വാദം ഉന്നയിക്കാനുള്ള വക എജി തന്നെ നല്‍കിക്കഴിഞ്ഞു. ഹൈക്കോടതിയുടെ ചോദ്യത്തി നു വാക്കാലുള്ള മറുപടി മാത്രമാ ണു നല്‍കിയതെന്നും അടുത്ത ദിവസം വിശദമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം കിട്ടുമെന്നുമുള്ള ന്യായവാദമാണു സര്‍ക്കാരില്‍ ചിലരെങ്കിലും മുന്നോട്ടു വയ്ക്കുന്നത്. ഈ കേസില്‍നിന്ന് എജിയെ മാറ്റിനിര്‍ത്തണമെന്ന വാദ വും ചില ഘടകകക്ഷികള്‍ ഉന്നയിച്ചേക്കാം.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രണ്ടു കാര്യങ്ങളിലാണ് കേരളം ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഒന്ന്: ഡാം ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് ജലനിരപ്പ് അടിയന്തരമായി 120 അടിയായി കുറയ്ക്കുക, രണ്ട്: നിലവിലുള്ള ഡാമിനു പകരം പുതിയ ഡാം പണിയുക. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അടുത്തയാഴ്ചത്തെ സിറ്റിംഗില്‍ ജലനിരപ്പു കുറയ്ക്കുന്ന വിഷയം ഉന്നയിക്കാന്‍ കേരളം ഒരുങ്ങിയിരിക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും കേരളം തയാറെടുക്കുകയാണ്.