കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം

single-img
1 December 2011

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിലെ മെന്‍സ് ഹോസ്റ്റല്‍ നവീകരണത്തിനെതിരെയുള്ള യൂണിവേഴ്‌സിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കോളേജ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. നാലുമാസം മുമ്പ് ഹോസ്റ്റല്‍ നവീകരണത്തിനനുവധിച്ച 36 ലക്ഷം രൂപ യൂണിവേഴ്‌സിറ്റി കൈപ്പറ്റുകയും എന്നാല്‍ അതില്‍ ഒരു ചില്ലിക്കാശുപോലും ഹോസ്റ്റലിന് വേണ്ടി മുടക്കിാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. തുടര്‍ച്ചയായുള്ള മഴ മൂലം ഹോസ്റ്റലിന്റെ പലഭാഗങ്ങളും ഇടിഞ്ഞു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ളില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതില്‍ പ്രതിഷേധിച്ച് രണ്ടു മാസമായി എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സമാധാനപരമായി പഠിപ്പുമുടക്ക് ഒഴിവാക്കിയുള്ള സമരം നടത്തി വരികയായിരുന്നു.
എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് കാമ്പസിലെ പെണ്‍കുട്ടികളുടെ താമസത്തിനായി ഹോസ്റ്റല്‍ പണിയുന്നതിനുവേണ്ടി എസ്.സി- എസ്.റ്റി. ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച രണ്ടുകോടി 60 ലക്ഷം രൂപ യൂണിവേഴ്‌സിറ്റി കൈപ്പറ്റിയിട്ടും ഇതുവരയ്ക്കും ഹോസ്റ്റല്‍ പൂര്‍ത്തിയാകാത്തതിലുള്ള പ്രതിഷേധം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഉപരോധം ശക്തിപ്പെടുത്താന്‍ കാരണം. ഇതുകാരണം പെണ്‍കുട്ടികള്‍ക്കും കാമ്പസില്‍ താമസിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കോളേജ് അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ മാറിത്താമസിക്കുന്നതായിരിക്കും ഉചിതമെന്ന മറുപടിയാണ് ലഭിച്ചത്. പണി കുറച്ച് പൂര്‍ത്തികരിച്ചു വച്ചിരിക്കുന്ന പ്രസ്തുത ഹോസ്റ്റലിന്റെ ചിലഭാഗങ്ങള്‍ ഇടിഞ്ഞുവീണ നിലയിലുമാണ്. അടിയന്തിരമായി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.