രക്തചന്ദന റെയ്ഡ്: വല്ലാര്‍പാടം ടെര്‍മിനലിലെ പരിശോധന സംബന്ധിച്ച് അവ്യക്തത

single-img
29 October 2011

കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണെ്ടയ്‌നര്‍ ടെര്‍മിനലില്‍ ഇന്നലെ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) പരിശോധന നടത്താനുള്ള അവകാശത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നു.

ഡിആര്‍ഐ ഉദ്യോഗസ്ഥരെ റെയ്ഡ് നടത്താന്‍ അനുവദിക്കാതെ രണ്ടു മണിക്കൂറോളം ടെര്‍മിനലിനു മുന്‍പില്‍ തടഞ്ഞുവെന്നാണ് ആരോപണം. പിന്നീട് പോലീസ് ഇടപെട്ടാണ് റെയ്ഡിനുള്ള സംവിധാനം ചെയ്തു കൊടുത്തത്. ഇതിനു മുമ്പും വിവിധ ഏജന്‍സികള്‍ ടെര്‍മിനലില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ടെര്‍മിനല്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. സെസ് പദവിയുള്ളതു കൊണ്ട് പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്ക് ടെര്‍മിനലിനകത്ത് പരിശോധന നടത്താന്‍ അനുവാദമില്ലെന്നാണ് ടെര്‍മിനല്‍ നടത്തിപ്പുകാരുടെ നിലപാട്.

അതേസമയം തങ്ങളല്ല ഡിആര്‍ഐ ഉദ്യോഗസ്ഥരെ തടഞ്ഞതെന്നും, സെസ് വികസന കമ്മീഷണര്‍ നിയോഗിച്ചിട്ടുള്ള സിഐഎസ്എഫിനാണു ടെര്‍മിനല്‍ കവാടങ്ങളുടെ പൂര്‍ണ നിയന്ത്രണമെന്നും ഡിപി വേള്‍ഡ് കൊച്ചി വക്താവ് വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകള്‍ക്ക് സെസ് പദവി തടസമല്ലെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാദം. നികുതി ഇളവ് ഉള്‍പ്പെയുള്ള വിവിധ തരത്തിലുള്ള മറ്റ് ആനുകൂല്യങ്ങളും സെസ് മേഖലക്കുണ്ട്. പരിസ്ഥിതി നിബന്ധനകളും മറ്റും സെസ് പദവിയുള്ള പ്രദേശങ്ങള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പരിശോധനകള്‍ സംബന്ധിച്ച് ഇത്തരം നിബന്ധനകളില്ലെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാദം. കൃത്യനിര്‍വഹണത്തില്‍ നിന്നു തങ്ങളെ തടഞ്ഞുവെന്നാരോപിച്ച് ഡിആര്‍ഐ പോലീസില്‍ പരാതി നല്കിയപ്പോള്‍ ബലമായി സെസ് മേഖലക്കുള്ളില്‍ കടന്നുവെന്നാരോപിച്ച് ഡിആര്‍ഐ, പോലീസ് എന്നിവര്‍ക്കെതിരേ ഡിപി വേള്‍ഡും നിയമനടപടിക്കു മുതിരുന്നുണ്ട്.