പി.സി. ജോര്‍ജിന്റെ പരമാര്‍ശത്തിനെതിരെ രജനീകുമാരി പരാതി നല്‍കും

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ പൊതുവേദിയില്‍ തന്നെ അപമാനിക്കുന്ന പി.സി. ജോര്‍ജിന്റെ പരമാര്‍ശത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ വാച്ച് ആന്റ് വാര്‍ഡ് രജനി കുമാരി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കും. അവസാനിച്ച പ്രശ്നം വീണ്ടും കുത്തിപ്പൊക്കാനും പൊതുമധ്യത്തില്‍ തന്നെ അപമാനിക്കാനും വീണ്ടും ശ്രമം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കുക.
ഇക്കഴിഞ്ഞ 14ന് സ്പീക്കറുടെ ഡയസിലേക്കു പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി രാജേഷും ജെയിംസ് മാത്യുവും തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ രജനിയ്ക്കു പരിക്കുപറ്റിയെന്ന പരാതിയാണു രാഷ്ട്രീയ വിവാദമായി ഉയര്‍ന്നത്. ഈ സംഭവങ്ങള്‍ രണ്ട് എം.എല്‍.എമാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിച്ചിരുന്നു. സ്പീക്കറുടെ റൂളിംഗോടെയും സംഭവ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതോടെയും പ്രശ്നം അവസാനിച്ചതാണ്. വനിതാ വാച്ച് ആന്റ് വാര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉന്നയിച്ചതല്ലാതെ പ്രതിപക്ഷവും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയില്ല.
എന്നാല്‍, ഈ പ്രശ്നം വീണ്ടും പൊതുചര്ച്ചകളിലേക്കു വലിച്ചിഴയ്ക്കുന്നതാണ് രജനിയെ പരാതി നല്കാന് പ്രേരിപ്പിച്ചിരിക്കുന്നത്. പത്തനാപുരത്തെ ഗണേഷ്കുമാറിന്റെ വിവാദ പ്രസംഗമുണ്ടായ വേദിയില്‍ പി.സി.ജോര്‍ജിന്റെ പ്രസംഗവും വിവാദമായതിനെ തുടര്‍ന്നു വാച്ച് ആന്‍ഡ് വാര്‍ഡ് പ്രശ്നം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. രജനികുമാരിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായെന്നു പ്രതിപക്ഷവും ഇല്ലെന്നു പി.സി.ജോര്‍ജും ഇതിനകം പ്രതികരിച്ചിട്ടുണ്ട്.
14-ാം തീയതി നടന്ന സംഭവത്തിനു ശേഷം രജനികുമാരി നിയമസഭയില്‍ ജോലിക്കു പോയിട്ടില്ല. അവധിയെടുത്തു വീട്ടില്‍ തന്നെ കഴിയുകയാണ്. രാഷ്ട്രീയ ചര്‍ച്ചകളിലേക്കു തന്നെ വലിച്ചിഴയ്ക്കരുതെന്ന അഭ്യര്‍ഥനയാണു രജനീകുമാരി നടത്തുന്നത്.