ടര്‍ക്കി ഭൂകമ്പം; മരണം 1000 കവിഞ്ഞു

single-img
24 October 2011

ഇസ്റ്റാംബുള്‍: കിഴക്കന്‍ ടര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കനത്തനാശം. ആയിരം പേരിലേറെ മരിച്ചതായി കരുതുന്നു.

വാന്‍ പ്രവിശ്യയിലെ വാന്‍ ന ഗരത്തിലും എര്‍ചിസ് പട്ടണത്തിലുമാണു കൂടുതല്‍ നാശം. എര്‍ചിസില്‍ രണ്ടു ഡസനിലേറെ ഫ്‌ളാറ്റ് സമുച്ചയങ്ങളും ഒരു ഹോസ്റ്റ ലും തകര്‍ന്നു.

റിക്ടര്‍ സ്‌കെയിലില്‍ ഏഴിനു മുകളില്‍ ശക്തിയുള്ളതായിരുന്നു ഭൂകമ്പം. യുഎസ് ജിയളോജിക്കല്‍ സര്‍വേ ആദ്യം 7.3 എന്നും പിന്നീട് 7.2 എന്നുമാണ് ശക്തി നിര്‍ണയിച്ചത്. ടര്‍ക്കിയിലെ കാണ്ടില്ലി നിരീക്ഷണകേന്ദ്രം കണക്കാക്കിയത് 6.6 എന്നാണ്. വാന്‍ തടാകത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 7.2 കിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് നിരീക്ഷകര്‍ അറിയിച്ചു.

വാന്‍ എന്ന പേരിലുള്ള വലിയ തടാകം പൊട്ടി പ്രളയമുണ്ടാകുമോ എന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. ആദ്യ ഭൂകമ്പം പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 1.40നായിരുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ ആറു തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ടര്‍ക്കിയുടെ പ്രധാനമന്ത്രി റിസെപ് എര്‍ഡോഗന്‍ വൈകുന്നേരം ദുരന്തമേഖല സന്ദര്‍ശിച്ചു. ടര്‍ക്കിയുമായി ഉരസലിലുള്ള ഇസ്രയേല്‍ ദുരന്തത്തില്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു.

ടര്‍ക്കിക്കു ഭൂകമ്പദുരന്തങ്ങള്‍ പുതുമയല്ല. 1999ല്‍ ഇസ്മിത് നഗര ത്തില്‍ 17,000 പേരും ഡൂസ്ചി നഗ രത്തില്‍ 894 പേരും ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. അവ യഥാക്രമം 7.6 ഉം 7.2 ഉം ശക്തിയുള്ള ചലനങ്ങളായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ നൂറോളം മൃതദേഹങ്ങള്‍ മാത്രമേ ഇന്നലെ കണെ്ടടുത്തുള്ളൂ. തകര്‍ന്ന ബഹുനിലക്കെട്ടിടങ്ങള്‍ക്കും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കുമിടയില്‍ ആയിരത്തിലേറെപ്പേര്‍ രക്ഷപ്പെടാനാകാതെ കിടപ്പുണ്ടാകുമെന്നാണു കരുതുന്നത്.

വാന്‍ നഗരത്തിലെ കരാബെക്കിര്‍ തെരുവില്‍ ഒരു ഏഴുനിലക്കെട്ടിടം നിലംപരിശായെന്നു ടര്‍ക്കിയുടെ അനറ്റോളിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നഗരത്തിനടുത്തുള്ള തബന്‍ലി ഗ്രാമത്തില്‍ മിക്ക വീടുകളും തകര്‍ന്നടിഞ്ഞു.

ഇറാനോടു ചേര്‍ന്നുള്ള പ്രവിശ്യയാണ് വാന്‍. കുന്നുകളും മല കളും നിറഞ്ഞതാണ് ഈ പ്രവിശ്യ. ഭൂകമ്പം ഇറാനിലും അനുഭവപ്പെട്ടു. തലസ്ഥാനമായ അങ്കാറയില്‍നിന്ന് 1234 കിലോമീറ്റര്‍ കിഴക്കാണു വാന്‍ നഗരം. നാലുലക്ഷത്തോളം ജനങ്ങളുണ്ട് ഇവിടെ. ന ഗരത്തിലെ വിമാനത്താവളത്തിനു സാരമായ കേടുപാടുണ്ടായി. നിരവധി പേര്‍ മരിച്ചു, അനവധി കെട്ടിടങ്ങള്‍ തകര്‍ന്നു എന്നാണ് എര്‍ചിസ് പട്ടണത്തിന്റെ മേയര്‍ സുള്‍ഫിക്കര്‍ അറാപൊഗുലു ടെലിവിഷനില്‍ പറഞ്ഞത്. കൃത്യമായ സം ഖ്യ അദ്ദേഹവും നല്‍കിയില്ല.