കാക്കനാടന് അന്തരിച്ചു

കൊല്ലം: പ്രശസ്ത സാഹിത്യകാരന് കാക്കനാടന്(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകള്‍ മലയാള സാഹിത്യത്തില്‍ ആധുനികതയുടെ മികച്ച മാതൃകകളാണ്.
വര്‍ഗീസ് കാക്കനാടന്റെയും റോസമ്മയുടെയും മകനായി 1935 ഏപ്രില്‍ 23ന് കൊല്ലത്തിനടുത്ത് ജനിച്ചു. ജോര്‍ജ് വര്‍ഗീസ് എന്നാണ് യഥാര്‍ഥ പേര്. കൊട്ടാരക്കര ഗവ. ഹൈസ്കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂള്‍ അധ്യാപകനായും ദക്ഷിണ റെയില്‍വേയിലും റെയില്‍വേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി നോക്കി. തുടര്‍ന്ന് ആഗ്രാ യൂണിവേഴ്സിറ്റിയുടെ ഗാസിയാബാദ് എം.എ.എച്ച് കോളജില്‍ ഒരു വര്‍ഷം പഠിച്ചു. 1967ല്‍ കിഴക്കേ ജര്‍മന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ജര്‍മനിയില്‍ പോയി. ലെപ്പിഗിലെ കാറല്‍ മാര്‍ക്സ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളില്‍ സാഹിത്യകാരനുള്ള പങ്ക് എന്ന വിഷയത്തില്‍ പ്രഫ. ക്ളൗസ്ട്രേഗറുടെ കീഴില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി.
1971 മുതല്‍ 73 വരെ മലയാളനാട് വാരികയുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്പതിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പറങ്കിമലയും അടിയറവും സംവിധായകന് ഭരതന് ചലച്ചിത്രമാക്കി. 2003ല്‍ മികച്ച നോവലിനും ചെറുകഥക്കുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. 2005ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. 2008ല്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണിയമ്മ പുരസ്കാരത്തിനും അദ്ദേഹം അര്‍ഹനായി. വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായിട്ടുണ്ട്. 1981-84ല്‍ സാഹിത്യ അക്കാദമി അംഗവും 1988-91ല്‍ നിര്‍വാഹക സമിതി അംഗവുമായിരുന്നു. കുടജാദ്രിയുടെ സംഗീതം(1989), കുളിര്, വേനല്‍, മഴ (1992) എന്നിവ യാത്രാക്കുറിപ്പുകളാണ്.
സാക്ഷി(1967), ഏഴാംമുദ്ര(1963), വസൂരി (1968), ഉഷ്ണമേഖല (1969), പറങ്കിമല (1971), അജ്ഞതയുടെ താഴ്വര (1972), ഇന്നലെയുടെ നിഴല്‍ (1974), അടിയറവ് (1975), തുലാവര്‍ഷം (1975), അഭിമന്യു (1976), തീരങ്ങളില്‍ ഉദയം (1976), ഒറോത (1982), ബര്‍സാത്തി (1986), കൊളോസസ് എന്നിവയാണ് പ്രധാന കൃതികള്‍. കണ്ണാടിവീട് (1966), യുദ്ധാവസാനം (1969), പുറത്തേക്കുള്ള വഴി (1970), അശ്വത്ഥാമാവിന്റെ ചിരി (1979), ശ്രീചക്രം (1981), കാക്കനാടന്റെ കഥകള്‍ (1984), മഴയുടെ ജ്വാലകള്‍ (1989), യൂസഫ് സരായിലെ ചരസ് വ്യാപാരി, ,പുറത്തേയ്ക്കുള്ള വഴി എന്നിവ പ്രധാന ചെറുകഥകളാണ്. പ്രശസ്ത ചിത്രകാരനായ രാജന് കാക്കനാടന്, പത്രപ്രവര്‍ത്തകരായ ഇഗ്നേഷ്യസ് കാക്കനാടന്, തമ്പി കാക്കനാടന് എന്നിവര്‍ സഹോദരങ്ങളാണ്.