പ്രശാന്ത് ഭൂഷണു നേരെ ആക്രമണം

single-img
12 October 2011

സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണെ സുപ്രീം കോടതിയിലെ അഭിഭാഷക ചേംബറില്‍ അതിക്രമിച്ചുകയറി രണ്ടു ചെറുപ്പക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
ഭഗത് സിംഗ് ക്രാന്തിസേന എന്ന സംഘടന മര്‍ദ്ദനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കാശ്മീരില്‍ ഹിതപരിശോധന  സാധ്യമാണെന്ന് കഴിഞ്ഞയാഴ്ച വരാണസിയില്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയാണ് ആക്രമണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു

ബുധനാഴ്ച വൈകിട്ട് 4.15ന് ഒരു ടി.വി.ചാനലുമായി സംസാരിക്കവെയാണ് സംഭവം. സുപ്രീംകോടതിക്ക് മുന്നിലുള്ള ന്യൂ ലോയേഴ്‌സ് ചേംബറിലെ പ്രശാന്ത് ഭൂഷന്റെ 301-ാം നമ്പര്‍ മുറിയിലേക്ക് കടന്നുവന്ന രണ്ടുപേരില്‍ ഒരാള്‍ അദ്ദേഹത്തെ തല്ലുകയും നിലത്തു വലിച്ചിട്ട് ചവിട്ടുകയുമാണുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കശ്മീരില്‍ ഹിതപരിശോധന സാധ്യമാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ചു തന്നെ ആക്രമിച്ചവര്‍ ശ്രീരാമസേന പ്രവര്‍ത്തകരാണെന്നും സംഘടനയെ നിരോധിക്കണമെന്നും അണ്ണാ ഹസാരേ അനുയായിയായ പ്രശാന്ത്‌ ഭൂഷണ്‍. മര്‍ദനത്തേത്തുടര്‍ന്ന്‌ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ആശുപത്രിവിട്ട ശേഷമാണ്‌ ശ്രീരാമസേനയെ നിരോധിക്കണമെന്നും സമൂഹം ഒന്നടങ്കം ഇവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടത്‌.

സംഭവത്തെ അപലപിച്ചു അന്നാ ഹസാരെ, കിരണ്‍ ബേദി, മേധാ പട്കര്‍, അരുണാ റോയ്‌ എന്നിവര്‍ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. അക്രമികള്‍ തങ്ങള്‍ ശ്രീരാമസേനക്കാരാണെന്ന് പറയുന്നുണ്ടെങ്കിലും, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭഗത്‌ സിംഗ്‌ ക്രാന്തി സേന എന്ന സംഘടനയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌.