അബ്ദുള്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കില്ല

single-img
3 October 2011

ബാംഗളൂര്‍: കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ സ്‌ഫോടക വസ്തു കണ്‌ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്ന് കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കില്ല.

മഅദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ ബാംഗളൂര്‍ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നെങ്കിലും സുരക്ഷാപരമായ കാരണങ്ങളും മഅദനിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോവേണ്‌ടെന്ന് തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തീരുമാനിക്കുകയായിരുന്നു.

മഅദനിയെ നാളെ ബാംഗളൂര്‍ കോടതിയില്‍ ഹാജരാക്കി തുടര്‍ന്നുള്ള നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പൂര്‍ത്തിയാക്കാനാണ് തമിഴ്‌നാട് പോലീസിന്റെ തീരുമാനം. ബാംഗളൂരില്‍ ജയിലില്‍ കഴിയുന്ന മഅദനിയെ ഇന്ന് മൂന്ന് മണിക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ കോടതി ശനിയാഴ്ച പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അതിനിടെ മഅദനിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറാണ് ഷൊര്‍ണൂരില്‍ തടഞ്ഞിട്ടത്.