ബംഗാള്‍ തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി: 25 പേര്‍ക്ക് പരിക്ക്.

single-img
25 September 2011

ആലപ്പുഴ: കായകുളം മുരിക്കുംമൂട്ടില്‍ അന്യ സംസ്‌ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പശ്‌ചിമ ബംഗാള്‍ സ്വദേശികളായ 25 തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്.മൊബൈല്‍ ഫോണ്‍ മോഷണം പോയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
കായംകുളം മുരിക്കുംമൂട്ടില്‍ റേഷന്‍കട നടത്തുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍കഴിഞ്ഞ ദിവസം മോഷണം പോയിര‌ുന്നു. തുടര്‍ന്ന് ഈ നമ്പറില്‍ വിളിച്ച് നോക്കിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന ഒരാള്‍ ഫോണെടുത്തു. ഫോണ്‍ മോഷണം പോയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കടയില്‍ എത്തിയിര‌ുന്നു. അതിനാല്‍ ഈ സ്ത്രീ ഫോണ്‍ അന്വേഷിച്ച് തൊഴിലാളികള്‍ താമസിക്കുന്നിടത്ത് ചെന്ന് വാക്കേറ്റം നടത്തി. ഇത് നാട്ടുകാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
മിക്കവരുടെയും തലയ്ക്കാണു പരുക്ക്. ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരെ വണ്ടാനം മെഡിക്കല്‍ കോളെജിലും ബാക്കിയുള്ളവരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.