വിനോദ് കാംബ്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

single-img
23 September 2011

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ വിനോദ് കാംബ്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 2009ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സച്ചിനൊപ്പം അവസാനമായി ഒരു മത്സരം കൂടി കളിക്കണമെന്ന ആഗ്രഹം മുന്‍നിര്‍ത്തിയായിരുന്നു അത്. എന്നാല്‍ ആ ആഗ്രഹം പൂവണിഞ്ഞില്ല. 1993ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കാംബ്ലി 1995ല്‍ ന്യൂസീലന്‍ഡിനെതിരെ കളിച്ചത് കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. ഷാര്‍ജയില്‍ 2000ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്. ഇന്ത്യയ്ക്കു വേണ്ടി 104 ഏകദിനങ്ങളിലും 17 ടെസ്റ്റിലും കാംബ്ലി ബാറ്റേന്തി. ഏകദിനത്തില്‍ രണ്ടു സെഞ്ചുറി ഉള്‍പ്പെടെ 2477 റണ്‍സ് നേടി. ടെസ്റ്റില്‍ രണ്ടു ഡബിള്‍ സെഞ്ചുറികള്‍ ഉള്‍പ്പെടെ നാലു സെഞ്ചുറികളുമായി 1084 റണ്‍സെടുത്തിട്ടുണ്ട്.