കഞ്ചിക്കോട് കോച്ച് ഫാക്ടറി; അടുത്ത മാസം 22നു തറക്കല്ലിടും

single-img
19 September 2011

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലഭിലാജമായിരുന്ന പാലക്കാട് കഞ്ചിക്കോടിലെ റെയില്‍വേ കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22നു തറക്കല്ലിടും. കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം, കേന്ദ്ര റെയില്‍വേമന്ത്രി ദിനേശ് ത്രിവേദി അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. നിലമ്പൂര്‍ റോഡ്- തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ് ഒക്ടോബര്‍ 23നും മംഗലാപുരം-പാലക്കാട് പ്രതിദിന ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഒക്ടോബര്‍ അവസാനവും ഓടിത്തുടങ്ങും.

സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മുന്നോട്ടുവയ്ക്കുന്ന അതിവേഗ ഇടനാഴി പോലുള്ള പദ്ധതികള്‍ അംഗീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇരുപതിനായിരം കോടി രൂപ ചെലവു വരുന്ന അതിവേഗ ഇടനാഴി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ സംരംഭകരുടെയും സംയുക്ത പങ്കാളിത്തത്തോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ.

ചേര്‍ത്തല കോച്ച്് ആന്‍ഡ് വാഗണ്‍ ഫാക്ടറിയുടെ സാധ്യതാപഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 നകം കിട്ടും. ഇതിന്റെ നടപ്പുരീതി, സംസ്ഥാന പങ്കാളിത്തം, സ്വകാര്യപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനമെടുക്കും. മെമു സര്‍വീസിനായി കൊല്ലം ഷെല്‍ട്ടറില്‍ ഒരു റേക്ക് ഒക്ടോബറില്‍ എത്തിക്കും. രാജ്യത്തെ ഏറ്റവും ദീര്‍ഘദൂരത്തിലുള്ള സര്‍വീസായി കരുതപ്പെടുന്ന ദിബ്രുഗഡ്-കന്യാകുമാരി എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിനു റെയില്‍വേ സജ്ജമാണ്. ഈ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും. ആസാമില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ഈ സര്‍വീസിനു 4500 കിലോമീറ്ററോളം ദൈര്‍ഘ്യ മുള്ളതാണ്. മൈസൂര്‍-തലശേരി പ്രോജക്ടിന്റെ കാര്യം റെയില്‍വേ സഹമന്ത്രി മുനിയപ്പ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണെ്ടന്നും ഇതു വളരെ ഗൗരവ പൂര്‍വം പരിഗണിക്കുമെന്നും ദിനേശ് ത്രിവേദി പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്കുന്നപക്ഷം മെഡിക്കല്‍ കോളജുകളും ആശുപത്രികളും തുടങ്ങാന്‍ അനുമതി നല്കും. പാലക്കാട് സോണില്‍ തൊഴില്‍ നഷ്ടപ്പെട്ട ട്രെയിനിലെ കച്ചവടക്കാര്‍ക്ക് തൊഴില്‍ നല്കുന്ന കാര്യം പരിശോധിക്കും. അത്യാവശ്യമായി നടപ്പാക്കേണ്ട പദ്ധതികള്‍ കേന്ദ്രസഹായത്തിനായി കാത്തുനില്ക്കാതെ സ്വന്തം ഫണ്ടുപയോഗിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്കും. പിന്നീടു കേന്ദ്രത്തില്‍നിന്ന് ഈ ഫണ്ട് സംസ്ഥാനങ്ങള്‍ക്കു കൈപ്പറ്റാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നല്കുമെന്നും മന്ത്രി പറഞ്ഞു.