വര്‍ഗീയ കലാപം തടയല്‍ ബില്ലിനു സാധ്യത മങ്ങി

single-img
11 September 2011

ന്യൂഡല്‍ഹി: വര്‍ഗീയ കലാപ നിയന്ത്രണ ബില്‍ നിയമമാക്കാനുള്ള സാധ്യതയ്ക്കു മങ്ങല്‍. ബില്ലിലെ ചില വ്യവസ്ഥകളില്‍, ബിജെപിയോടൊപ്പം യുപിഎ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പരസ്യമായ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലാണ് തൃണമൂല്‍ ബില്ലിനോടുള്ള പരസ്യമായ എതിര്‍പ്പ് അറിയിച്ചത്.

വര്‍ഗീയ കലാപ ബില്‍ ഇപ്പോഴത്തെ നിലയില്‍ അംഗീകരിക്കില്ലെന്നും ചില വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും എന്‍ഡിഎ മുഖ്യമന്ത്രിമാരും തൃണമൂല്‍ നേതാവായ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയും പറഞ്ഞു. ബില്ലിലെ ചില വ്യവസ്ഥകള്‍ അപകടകരമാണെന്നു സുഷമ വിശേഷിപ്പിച്ചു. ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമായ വ്യവസ്ഥകളെ എതിര്‍ക്കുമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

ഏതെങ്കിലും സംസ്ഥാനത്തു വര്‍ഗീയകലാപം നിയന്ത്രിക്കാന്‍ പ്രയാസമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകാനുമതിയില്ലാതെ കേന്ദ്രസേനയെ രംഗത്തിറക്കി നിയന്ത്രിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗുജറാത്തിലും ഒറീസയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരേ സംസ്ഥാ ന സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെ നടന്ന വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ വ്യവസ്ഥയെയാണു ബിജെ പി എതിര്‍ക്കുന്നത്.

അതേസമയം, രാജ്യത്തെ ഒരു വിഭാഗം യുവാക്കള്‍ തീവ്രവാദ ത്തിലേക്കു തിരിഞ്ഞിട്ടുണെ്ടന്നും എന്നാല്‍, തീവ്രവാദം നേരിടുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ശക്തിപ്പെടുത്തും.- പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധമന്ത്രി എ.കെ. ആന്റണി, ആഭ്യന്തര മന്ത്രി ചിദംബരം എന്നിവരടക്കമുള്ള മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും 21 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിജെപി, സിപിഎം, സിപിഐ അടക്കമുള്ള പ്രമുഖ പാര്‍ട്ടികളുടെ പ്രധാന നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, വനി താ മുഖ്യമന്ത്രിമാരായ മമത ബാനര്‍ജി (ബംഗാള്‍), മായാവതി (യുപി), ജെ. ജയലളിത (തമിഴ്‌നാട്) എന്നിവര്‍ മൂന്നു വര്‍ഷത്തിനു ശേഷം ചേര്‍ന്ന 15-ാമത് എന്‍ഐസി യോഗത്തിനെത്തിയില്ല.

വര്‍ഗീയ കലാപ ബില്ലിലെ ചില വ്യവസ്ഥകളോടുള്ള എതിര്‍പ്പിനെ ത്തുടര്‍ന്നാണു തൃണമൂല്‍ നേതാവു കൂടിയായ മമതയും ബിഎസ്പി നേതാവായ മായാവതിയും എന്‍ഐസി യോഗത്തില്‍നിന്നു വിട്ടു നിന്നത്.