വോട്ടിനുകോഴ: മുഖ്യസുത്രധാരന്‍ അമര്‍സിംങ്

single-img
2 September 2011

ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നതിനായി എംപിമാര്‍ക്ക് ഒരു കോടി രൂപ എത്തിച്ച വോട്ടിന് കോഴ സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സമാജ് വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍സിംങ്ങാണെന്ന് ദല്‍ഹി പോലീസ്. കാശ് എത്തിച്ചത് അമര്‍സിംഗിന്റെ ഉടമസ്ഥതയിലുള്ള ജീപ്പിലായിരുന്നുവെന്നും ദല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

2008 ജൂലൈ 22 ന് യു.പി.എ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പില്‍ എം.പിമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് അമര്‍ സിംങിന്റെ സഹായികള്‍ തങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കിയെന്ന് പറഞ്ഞ് നോട്ടുകെട്ടുകള്‍ ഉയര്‍ത്തികാട്ടി എം.പിമാര്‍ മുന്നോട്ടുവരികയായിരുന്നു. യു.പി.എ സര്‍ക്കാരിന് ബാഹ്യ പിന്തുണ നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അമര്‍ സിംഗ്.

അമര്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പിലാണ് എം.പിമാര്‍ക്ക് നല്‍കാനായുള്ള പണം കൊണ്ടുപോയത്. എം.പിമാര്‍ക്ക് പണം കൈമാറിയ സജ്ജീവ് സക്‌സേന അമര്‍ സിംങ്ങിന്റെ അടുത്ത അനുയായിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. സക്‌സേന അമര്‍ സിംങ്ങിന്റെ ഫോണിലേക്ക് വിളിച്ചതിന്റെ രേഖകളും, ഇയാള്‍ അനുയായിയാണെന്ന് പുകഴ്ത്തി അമര്‍ സിംങ്ങിന്റെ ലെറ്റര്‍ ഹെഡിലുള്ള കുറിപ്പും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സക്‌സേനയുമായി ബന്ധമുണ്ടെന്നത് അമര്‍ സിങ്ങ് നേരത്തെ നിഷേധിച്ചിരുന്നു.

ഒരു കോടി രൂപയുടെ ഉറവിടം കണ്ടെത്താന്‍ പോലീസിനായാട്ടില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിനെ അഭിനന്ദിച്ച കോടതി ഒരു കോടി രൂപയുടെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനായി 4 ആഴ്ചത്തെ സമയം കൂടി നല്‍കിയിട്ടുണ്ട്.