രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

single-img
2 September 2011

ന്യൂദല്‍ഹി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ദേവപ്രശ്‌ന വിഷയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബി നിലവറ തുറക്കുന്നതിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ദേവപ്രശ്‌നത്തിന് മുന്നിലാണോ കോടതിയുടെ മുന്നിലാണോ കേസെന്നു കോടതി ചോദിച്ചു. വിദഗ്ധ സമിതിയുടെ ചെയര്‍മാനില്‍ രാജകുടുംബത്തിനു വിശ്വാസമില്ലേ. നേരത്തെ നിലവറ തുറക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലും എതിര്‍പ്പ് കാണിക്കാത്ത രാജകുടുംബം ഇപ്പോഴെന്തിനാണ് നിലവറ തുറക്കരുതെന്ന് പറയുന്നതെന്നും കേസ് പരിഗണിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.ഡി രവീന്ദ്രന്‍ ചോദിച്ചു.
ക്ഷേത്രാചാരങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തില്‍ വന്‍ സമ്പത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിദഗ്ധ സമിതിക്ക് വേണ്ട ധനസഹായം നല്‍കണമെന്നും അതിനുള്ള പണം സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, രാജാവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന രാജകുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രി രാജാവിനെതിരായി കോടതീയലക്ഷ്യപരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. വി.എസ് ഇതുപോലുള്ള പരാമര്‍ശങ്ങളുമായി വി.എസ് മുന്നോട്ടുപോകുകയാണെങ്കില്‍ കോടതീയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് വേണുഗോപാല്‍ അറിയിച്ചു.

കേസ് ഈ മാസം 21ലേക്ക് മാറ്റി. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം അന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.