ഈശ്വരനും പ്രകൃതിയും ഒന്നായ നിമിഷങ്ങൾ

single-img
30 August 2011
സാധാരണ ക്ഷേത്രങ്ങളിലെ ആറാട്ടുത്സവങ്ങള്‍ നാളുകള്‍ക്കു മുമ്പേ തീരുമാനിച്ച്, വേണ്ട ഒരുക്കങ്ങളൊക്കെ നടത്തി ചെയ്യുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും പല ക്ഷേത്രങ്ങളിലും എന്തെങ്കിലും പോരായ്മകള്‍ വരാറുമുണ്ട്. എന്നാല്‍ പ്രത്യേക ഒരു ദിവസം തീരുമാനിക്കാതെ, പ്രകൃതി തരുന്ന ആ ദിവസത്തിന് വേണ്ടി കാത്തിരുന്ന് വളരെ ഭംഗിയായി ാറാട്ടുത്സവം നടത്തുന്ന ഒരു ക്ഷേത്രം ഈ കേരളക്കരയിലുണ്ട്. അതും അപൂര്‍വ്വവും വിചിത്രവുമായ ആറാട്ട്.
തൃശ്ശൂര്‍ ജില്ലയിലെ താണിക്കുടം എന്ന സ്ഥലത്തെ ദേവി ക്ഷേത്രത്തിലാണ് ഈ അപൂര്‍വമായ ആറാട്ട് നടക്കുന്നത് . ശക്തമായി മഴ പെയ്തു ദേവി ക്ഷേത്രത്തിനടുത്തുള്ള പുഴയില്‍ വെള്ളം കയറുകയും, ആ നിറഞ്ഞു കവിയുന്ന വെള്ളം ക്ഷേത്രത്തില്‍ കടന്നു ദേവിയുടെ വിഗ്രഹത്തെ വെള്ളത്തില്‍ മുക്കുകയും ചെയ്യുന്ന ദിവസ്സമാണ് അമ്പലത്തിലെ ആറാട്ട് ആഘോഷിക്കുക. അന്നത്തെ ദിവസം ആ നാടിലെ വിശ്വാസികളെല്ലാം നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴവെള്ളത്തിലൂടെ നടന്നു വന്നു , അമ്പലത്തിലെ ദേവിയുടെ മുന്‍പില്‍ കഴുത്തോളം നിറഞ്ഞ വെള്ളത്തില്‍ മുങ്ങി നിന്ന് ദേവിയോട് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കും.
സാധാരണ കേരളത്തിനെ പല അമ്പലങ്ങളിലും പ്രതിഷ്ടയെ പുഴയിലോ കുളങ്ങളിലോ കൊണ്ട് പോയി ‘ആറാട്ട് ‘നടത്തുന്ന പതിവുണ്ട് . പക്ഷെ ഇവിടെ മാത്രം പ്രകൃതി ദേവിയെ തേടിയെത്തുകയാണ് ആറാട്ട് നടത്താനായി. ഇവിടെയല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ! ഇത്തരം ഒരു ആറാട്ട് നടക്കുന്നതായി ഇതുവരെ കേട്ടിട്ടില്ല. മറ്റൊരു പ്രത്യേകത കൂടി ഈ അമ്പലത്തിനുണ്ട് . എല്ലാ അമ്പലങ്ങളിലും ശ്രീകോവില്‍ പണിതു അതിനുള്ളില്‍ മഴയും വെയിലും കൊള്ളാതെയാണ് സാധാരണ പ്രതിഷ്ഠകള്‍ സ്ഥാപിക്കാറുള്ളത്, പക്ഷെ ഇവിടെ മേല്കൂരയില്ലത്ത ശ്രീകോവിലിലാണ് ഭഗവതിയുടെ പ്രതിഷ്ഠ വെച്ചിരിക്കുന്നത്.
കേരളത്തില്‍ ക്ഷേത്രത്തിന്റെ അടുത്തു ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കാത്ത ഒരേ ഒരു ക്ഷേത്രം ഇതാണെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെപ്പറ്റി നാട്ടുകാരുടെയിടയില്‍ പറഞ്ഞു പ്രചരിക്കുന്ന ഒരൈതീഹ്യമുണ്ട്.  പണ്ട് ഇവിടെ താമസിച്ചിരുന്ന ബ്രാഹ്മണര്‍ വളരെ ക്രൂരന്‍മാരും പിശുക്കരും ആയിരുന്നു. ഒരിക്കല്‍ വഴിയാത്രക്കാരനായ ഒരു ഭിക്ഷു രാത്രിയില്‍ എവിടെ എത്തി ചേര്‍ന്നു. അയാള്‍ രാത്രി ചിലവഴിക്കുന്നതിനായി അവിടെയുള്ള എല്ലാ ബ്രാഹ്മണ കുടുംബങ്ങളിലും ചെന്ന് അനുവാദം ചോദിച്ചു. ആരും അത് സമ്മതിക്കുകയോ ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കുകയോ ചെയ്തില്ല. പകരം ഭിക്ഷുവിനെ കളിയാക്കുന്നതിനായി അകലെയുള്ള ഒരു മരം കാണിച്ചു കൊടുക്കുകയും അതിനു താഴെ ഒരു വാരസ്യാര്‍ താമസിക്കുന്നുണ്ട് എന്നും അവര്‍ എല്ലാ സഹായവും ചെയ്തു തരും എന്നും പറഞ്ഞു. അവിടെയെത്തിയ ഭിക്ഷുവിനു കിടക്കാന്‍ ഇടവും താമസിക്കാന്‍ ഭക്ഷണവും കൊടുത്ത സ്ത്രീ, രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും പേടിക്കരുതെന്നും പറഞ്ഞു അവിടെ നിന്നും പോയത്രേ. പിറ്റേന്ന് ഉണര്‍ന്ന ഭിക്ഷു കണ്ടത് അഗ്‌നിക്കിരയായി നശിച്ചു കിടക്കുന്ന ബ്രാഹ്മണ കുടുംബങ്ങളെ മാത്രമായിരുന്നു. തനിക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത് ദേവിയാണ് എന്ന് തിരിച്ചറിഞ്ഞ ഭിക്ഷു അവിടെ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ശ്രമം തുടങ്ങി. അങ്ങിനെ പല തലമുറകള്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി ഇന്ന് കാണുന്ന ദേവി ക്ഷേത്രം ഉണ്ടായി എന്നാണു ചരിത്രം.
അമ്പലനടയില്‍ പുഴയേത് കരയേത് എന്നറിയാന്‍ കളിയാത്ത വിധത്തില്‍ കിടക്കുന്ന വെള്ളത്തില്‍ കഴുത്തോളം മുങ്ങിക്കിടന്ന് പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങള്‍ ആറാട്ടുദിവസത്തെ വേറിട്ട കാഴ്ചയാണ്. കുത്തിമറിയുന്ന വെള്ളത്തില്‍ നീന്തിനടക്കുന്ന കുട്ടികളും വൃദ്ധരും കാഴ്ചക്കാരില്‍ അത്ഭുതം ജനിപ്പിക്കും. വെള്ളപ്പൊക്കത്തില്‍ ഒഴുകിവരുന്ന നാളികേരവും വിറകും മറ്റുകാര്യങ്ങളും അന്ന് ദേവിക്ക് സ്വന്തമാണ്.
പണ്ട് കാലത്ത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ഈ ആറാട്ട് നടന്നിരുന്നത് . പക്ഷെ ഇപ്പോള്‍ മഴയുടെ അളവിലെ മാറ്റവും മണ്ണൊലിപ്പും മൂലം ചില വര്‍ഷങ്ങളില്‍ രണ്ടു തവണ ആറാട്ട് ഉണ്ടാകാറുണ്ട്.