ധോണിക്കും സച്ചിനും എതിരെ കപില്‍

single-img
17 August 2011

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന് തീരെ ദഹിക്കുന്നില്ല. യുവനിരയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ധോണിയും സച്ചിനും അടക്കമുള്ള മുതിര്‍ന്ന കളിക്കാര്‍ പരാജയപ്പെട്ടു എന്ന് കപില്‍ കുറ്റപ്പെടുത്തി.
ക്രിക്കറ്റിനോട് താത്പര്യമില്ലാത്ത രീതിയിലാണ് ഇന്ത്യന്‍ ടീംകളിയ്ക്കുന്നതെന്ന് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത ടീം ക്യാപിറ്റന്‍ കപില്‍ പറഞ്ഞു.ഒരു ടീമെന്ന നിലയില്‍ പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.
ഇംഗ്ലണ്ട് പര്യടനത്തില്‍ മുതിര്‍ന്ന കളിക്കാര്‍ യുവാക്കള്‍ക്ക് വേണ്ട പ്രചോദനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുന്നതില്‍ പരാജയപ്പെട്ടു. ബൌളര്‍മാര്‍ ഏത് ലൈനില്‍ എറിയണമെന്ന് ഉപദേശിക്കാന്‍ ഒരു കളിക്കാരനും മുതിര്‍ന്നില്ല. ധോണി ഇഷാന്ത് ശര്‍മ്മയ്ക്ക് ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കുന്നത് കാണാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ ധോണിയെ ‘ക്യാപ്റ്റന്‍ കൂള്‍’ എന്നാണ് വിളിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ജോലിയെക്കുറിച്ച് ധാരണയുണ്ടായിരിക്കണം.പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ ടീം ഇന്ത്യയെ വിമര്‍ശിച്ചത്.