ഡോ.പി.സി.അലക്‌സാണ്ടര്‍ അന്തരിച്ചു

single-img
10 August 2011

ചെന്നൈ: മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍ ഡോ.പി.സി.അലക്‌സാണ്ടര്‍ (90) അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ ബുധനാഴ്ച രാവിലെ 8.30നായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹത്തെ മെഡിക്കല്‍ മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കും. ശനിയാഴ്ച മാവേലിക്കരയില്‍ ശവസംസ്‌കാരം നടക്കും.

മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗവര്‍ണറായിരുന്നു അദ്ദേഹം. ഗോവ ഗവര്‍ണറുടെ ചുമതലയും വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭാംഗവും ആയിരുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രധാന വെളിപ്പെടുത്തലുകളുടെ പേരില്‍ ‘ത്രൂ ദി കോറിഡോര്‍സ് ഓഫ് പവര്‍’ എന്ന ആത്മകഥ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രപതിയായി അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടു.

ജനീവയിലെ ഐക്യരാഷ്ട്രസഭാ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത്. പിന്നീട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി 1981 മുതല്‍ 85 വരെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കാണ് ഈ കാലയളവില്‍ അദ്ദേഹം വഹിച്ചത്. വാണിജ്യ മന്ത്രാലയ സെക്രട്ടറിയായി നാലുവര്‍ഷവും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മൂന്നു വര്‍ഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1988 മുതല്‍ 90 വരെയാണ് തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. 1993 മുതല്‍ 2002 വരെ മാഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. 1996 മുതല്‍ 98 വരെയാണ് ഗോവ ഗവര്‍ണറുടെ ചുമതല വഹിച്ചത്.

 

1921 മാര്‍ച്ച് 21 ന് മാവേലിക്കരയിലാണ് ജനിച്ചത്. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡി ലിറ്റ്, എം ലിറ്റ് ബിരുദങ്ങള്‍ കരസ്ഥമാക്കി. 1948 ലാണ് ഐ.എ.എസ് ലഭിച്ചത്. അന്നത്തെ മദ്രാസ്, തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ‘മൈ ഇയേഴ്‌സ് വിത്ത് ഇന്ദിരാഗാന്ധി’, ‘ദി പെറില്‍സ് ഓഫ് ഡെമോക്രസി’, ‘ഇന്ത്യ ഇന്‍ ദി ന്യൂ മില്ലെനിയം’ എന്നിവ ശ്രദ്ധേയമായ പുസ്തകങ്ങളാണ്.

സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പ്രസംഗം, സംവാദം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളേജ് മത്സരങ്ങളില്‍ പതിവായി അദ്ദേഹം ഒന്നാം സ്ഥാനം നേടിയിരുന്നു. ട്രാവന്‍കൂര്‍ സര്‍വകലാശാല ഡിബേറ്റ് ടീമിന്റെ ക്യാപ്റ്റായിരുന്നു. 1940 -41 കാലഘട്ടത്തില്‍ ട്രാവന്‍കൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായിരുന്നു. ഭാരതീയ വിദ്യാഭവന്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റ്, ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നെഹ്രു ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.