മാനംകാക്കാന്‍ ഇന്ത്യ മൂന്നാം ടെസ്റ്റിന് നാളെത്തുടക്കം

single-img
9 August 2011

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന മൂന്നാംടെസ്റ്റില്‍ ഇന്ത്യയിറങ്ങുന്നത് മാനംകാക്കാന്‍ വിജയമെന്ന നിര്‍ബന്ധത്തോടെയാണ്. തോറ്റാല്‍, ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാംസ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമാകും. സമനിലയിലെത്തിച്ചാല്‍, അടുത്ത ടെസ്റ്റില്‍ വിജയം നേടി ഒന്നാം നമ്പറില്‍ത്തന്നെ കടിച്ചുതൂങ്ങാമെന്ന ആനുകൂല്യം ഇന്ത്യയ്ക്കുണ്ട്. ജയിക്കാനായില്ലെങ്കിലും എതിരാളികളുടെ വിജയം ഏതുവിധേനയും തടയുകയെന്നതാണ് മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പരമമായ ലക്ഷ്യം.
ഇതിനൊക്കെപ്പുറമെയാണ്, സന്നാഹ മത്സരത്തില്‍ നോര്‍ത്താംപ്ടണ്‍ഷയറിനോട് ഒന്നാമിന്നിങ്‌സ് തോല്‍വി നേരിട്ടതിലെ നാണക്കേട്. ഇംഗ്ലണ്ടിനോട് ലോര്‍ഡ്‌സിലും ട്രെന്റ്ബ്രിഡ്ജിലും വമ്പന്‍ തോല്‍വികളേറ്റപ്പോള്‍ അതിന് ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍, ബാറ്റിങ്പരിശീലനത്തിനായുള്ള സന്നാഹ മത്സരത്തില്‍, കൗണ്ടി ടീം ഇന്ത്യയ്ക്കുമേല്‍ വിജയം നേടിയത് ടീം മാനേജ്‌മെന്റിന്റെ ആധികള്‍ കൂട്ടിയിട്ടുണ്ട്. ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിച്ചില്ലെന്ന് മാത്രമല്ല, ബൗളര്‍മാര്‍ തീര്‍ത്തും നിറംമങ്ങുകയും ചെയ്തുവെന്നതാണ് സന്നാഹ മത്സരത്തിലെ നടുക്കുന്ന വസ്തുതകള്‍.

ലോര്‍ഡ്‌സിലും ട്രെന്റ്ബ്രിഡ്ജിലും നേരിട്ട തോല്‍വികള്‍ ഇന്ത്യയുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇതിനുപുറമെയാണ് മൂന്ന് സുപ്രധാന താരങ്ങളെ പരിക്ക് പിടികൂടിയത്. പേസ് ബൗളര്‍ സഹീര്‍ ഖാന്‍, മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്, ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരില്ലാതെയാണ് മൂന്നാം ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നത്. ലോര്‍ഡ്‌സിലെ ആദ്യദിവസം മാത്രമാണ് സഹീര്‍ ഖാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നത്. ഗൗതം ഗംഭീറിന് പരിക്കേറ്റപ്പോള്‍ യുവരാജ് രണ്ടാം ടെസ്റ്റിനിറങ്ങി. എന്നാല്‍, ആ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ യുവരാജ് നേടിയ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. ബൗളിങ്ങില്‍ മോശം ഫോമിലായിരുന്നെങ്കിലും ഹര്‍ഭജന്‍ സിങ്ങാണ് വാലറ്റത്തെ ബാറ്റിങ് പോരായ്മകള്‍ തെല്ലെങ്കിലും പരിഹരിച്ചിരുന്നത്.
രണ്ടുടെസ്റ്റിലും വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 4-0ന് വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഗ്രേയം സ്വാനടക്കമുള്ള താരങ്ങളും ഇയാന്‍ ബോതത്തെപ്പോലുള്ള മുന്‍ഗാമികളും അതിനുള്ള ശക്തി ഇംഗ്ലണ്ടിനുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയൊരു ദുരന്തം ഇന്ത്യ നേരിടുകയാണെങ്കില്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കാവും വീഴുക. രക്ഷകനാവുമെന്ന് കരുതിയ വീരേന്ദര്‍ സെവാഗെത്തിയിട്ടും ഇന്ത്യയുടെ ബാറ്റിങ് രക്ഷപ്പെട്ടില്ലെന്ന സൂചനയാണ് നോര്‍ത്താംപ്ടണ്‍ഷയറിനെതിരായ മത്സരവും തെളിയിക്കുന്നത്.

പാളിപ്പോയ സന്നാഹം

ദ്വിദിന സന്നാഹ മത്സരത്തില്‍, അഭിനവ് മുകുന്ദിന്റെ സെഞ്ച്വറിയും അമിത് മിശ്രയുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയെ 352 റണ്‍ലെത്തിച്ചത്. ഈ രണ്ട് പ്രകടനങ്ങളും ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷിക്കാനാവില്ല. സെവാഗെത്തിയതോടെ അഭിനവ് മുകുന്ദ് ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ഹര്‍ഭജന് പകരം മിശ്ര ടീമിലെത്തുമെങ്കിലും ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയ്‌ക്കെതിരെ സമാനമായ പ്രകടനം സാധ്യമാവുമോ എന്ന് കണ്ടറിയണം. ഫലത്തില്‍, മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയിലെ താരങ്ങള്‍ക്കാര്‍ക്കും സന്നാഹ മത്സരം വേണ്ടരീതിയില്‍ ഉപയോഗിക്കാനായില്ല.

ശാരീരിക ക്ഷമത പരിശോധിക്കുന്നതിനാണ് സെവാഗ് സന്നാഹ മത്സരത്തില്‍ കളിച്ചത്. എന്നാല്‍, വെറും 30 മിനിറ്റ് മാത്രം ക്രീസില്‍നിന്ന് 25 പന്തുകള്‍ നേരിട്ട സെവാഗ് ഒരു സൂചനയും നല്‍കാതെ പുറത്തായി. സെവാഗിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല. ഏതുബൗളിങ് നിരയ്‌ക്കെതിരെയും ഏതു പിച്ചിലും ആക്രമിച്ചുകളിക്കാന്‍ സെവാഗിനറിയാം. എന്നാല്‍, മറ്റു ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ അതല്ല സ്ഥിതി. മുന്‍നിരക്കാരില്‍ വി.വി.എസ്. ലക്ഷ്മണും ഗൗതം ഗംഭീറും സുരേഷ് റെയ്‌നയും നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാതെയാണ് പുറത്തായത്. പരമ്പരയിലുടനീളം പരാജയമായ ക്യാപ്റ്റന്‍ ധോനി ഇവിടെയും അതാവര്‍ത്തിച്ചു. 95.3 ഓവറില്‍ 352 റണ്‍സിന് ഇന്ത്യയെ പുറത്താക്കാന്‍ നോര്‍ത്താംപ്ടണ്‍ഷയറിന്റെ ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്നുമോര്‍ക്കണം.

ബൗളിങ്ങിലും സന്നാഹമത്സരം തുണച്ചില്ല. എതിരാളികളുടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 48 ഓവര്‍ എറിഞ്ഞതിനു പുറമെ അവര്‍ ഇരട്ട സെഞ്ച്വറി (201 റണ്‍സ്) കൂട്ടുകെട്ട് ഉയര്‍ത്തുന്നതുവരെ കാത്തിരിക്കേണ്ടിയുംവന്നു. ഓപ്പണര്‍മാരായ മാല്‍ ലോയെയും നിയാല്‍ ഒബ്രയനും സെഞ്ച്വറി നേടുകയും ചെയ്തു. ശ്രീശാന്തും മുനാഫ് പട്ടേലും രണ്ടു വീതവും അമിത് മിശ്ര മൂന്നും വിക്കറ്റും നേടിയെങ്കിലും 83.2 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ ഒന്നാമിന്നിങ്‌സ് ലീഡ് പിടിച്ചെടുത്തു. കൗണ്ടി ടീം ഇന്ത്യക്കുമേല്‍ വിജയവും നേടി.

ചോദ്യങ്ങളേറെ

ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യയിറങ്ങുമ്പോള്‍, ഇന്ത്യന്‍ ആരാധകരുടെ മനസ്സിലുയരുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. ഓപ്പണിങ്ങില്‍ സെവാഗ്-ഗംഭീര്‍ കൂട്ടുകെട്ട് പ്രതീക്ഷ കാക്കുമോ എന്നതാണ് ആദ്യ ചോദ്യം. പരമ്പരയ്ക്കുമുന്നെ ധോനി പറഞ്ഞതുപോലെ, മികച്ച തുടക്കം കിട്ടിയാല്‍ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് വരാനാവും. ഓപ്പണര്‍മാരെ മറ്റേതൊരു ടീമിനേക്കാളും ആശ്രയിക്കുന്ന ടീമാണ് ഇന്ത്യ. സെവാഗിന്റെ പ്രകടനം നിര്‍ണായകമാകുന്നതും അതുകൊണ്ടുതന്നെയാണ്. ഒന്നോ രണ്ടോ സെഷന്‍ സെവാഗ് നിന്നുകിട്ടിയാല്‍, പിന്നാലെവരുന്നവര്‍ക്ക് കൂസലില്ലാതെ ബാറ്റേന്താന്‍ അതവസരം നല്‍കും.
ദ്രാവിഡിന്റെ സ്ഥിരതയാണ് ഇന്ത്യയുടെ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റ്. രണ്ടു ടെസ്റ്റിലും സെഞ്ച്വറി നേടിയ ദ്രാവിഡില്‍നിന്ന് അതേ തരത്തിലുള്ള പ്രകടനം മൂന്നാം ടെസ്റ്റിലും ടീം പ്രതീക്ഷിക്കുന്നു. വലിയ ഇന്നിങ്‌സുകള്‍ക്ക് പ്രാപ്തനായ ലക്ഷ്മണ്‍ അനാവശ്യഷോട്ടുകള്‍ക്കുമുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍. അതും ഉപേക്ഷിക്കണം. നൂറാം സെഞ്ച്വറിക്കരികെ നില്‍ക്കുന്ന സച്ചിന്, ഈ പരമ്പരയില്‍ ഇന്ത്യയുടെ തിരിച്ചുവരവിനൊപ്പം അതുനേടാനായാല്‍, മാധുര്യമേറും.

നേര്‍ത്ത വാലാണ് ഇന്ത്യയുടേത്. ഹര്‍ഭജന്‍കൂടി പോയതോടെ, വാലിന്റെ നീളം പിന്നെയും കുറഞ്ഞു. ഈ സാഹചര്യത്തില്‍ സുരേഷ് റെയ്‌നയുടെയും ക്യാപ്റ്റന്‍ ധോനിയുടെയും പ്രകടനം നിര്‍ണായകമാകും. സ്വിങ്ങുള്ള പിച്ചുകളിലും ഷോര്‍ട്ട്പിച്ച് പന്തുകളിലും ഇരുവരും ദുര്‍ബലരാണ്. ആറാമതും ഏഴാമതുമൊക്കെയായി ഇവര്‍ ബാറ്റിങ്ങിനെത്തുമ്പോഴേക്കും പന്ത് റിവേഴ്‌സ് സ്വിങ്ങും പ്രദര്‍ശിപ്പിച്ചുതുടങ്ങും. പരമ്പരയില്‍ തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അത് സാധ്യമാകണമെങ്കില്‍, ടീമില്‍നിന്ന് മികച്ച പ്രകടനമുണ്ടായേ തീരൂ. അതിന് അസാധാരണ പ്രകടനമൊന്നും ആവശ്യമില്ല. ഇന്ത്യന്‍ നിരയിലെ താരങ്ങള്‍ ഓരോരുത്തരും അവരുടെ പ്രതിഭയ്‌ക്കൊത്ത് മികവുകാട്ടിയാല്‍, എഡ്ജ്ബാസ്റ്റണില്‍ത്തന്നെ വിജയപാതയിലേക്ക് ഇന്ത്യയ്ക്ക് തിരിച്ചെത്താനാവും.
ക്ഷമ കെട്ട് ആരാധകര്‍

ഇന്ത്യന്‍ ടീമിന്റെ നിറംകെട്ട പ്രകടനം ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തി. ടീമിന്റെ പ്രകടനം കാണാന്‍ നോര്‍താംപ്ടണിലെ ദ്വിദിന മത്സരത്തിനെത്തിയ ആരാധകര്‍ സഹികെട്ട് ടീമിലെ ചില കളിക്കാര്‍ക്കുനേരെ തിരിഞ്ഞു. ഇതിനിടെ ഒരു ആരാധകന്റെ പ്രതിഷേധത്തില്‍ പ്രകോപിതനായി സ്വിങ് ബൗളര്‍ അതിക്രമത്തിന് മുതിര്‍ന്നത് നാണക്കേടുമായി. സുരേഷ് റെയ്‌ന, ക്യാപ്റ്റന്‍ ധോനി, ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട വിരാട് കോലി എന്നിവരെ ആരാധകര്‍ കൂവി. തീര്‍ത്തും പരിചിതമല്ലാത്തതും ഒപ്പം ആത്മവീര്യം ചോര്‍ന്നതുമായ സാഹചര്യങ്ങളിലൂടെയാണ് ടീം ഇന്ത്യ നീങ്ങുന്നത്.