'അരക്ഷണ്‍ ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി

single-img
5 August 2011

മുംബൈ:വിവാദമായിരിക്കുന്ന അരക്ഷണ്‍ സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേ അനുവദിക്കണമെന്നുള്ള ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വെള്ളിയാഴ്ച സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ആര്‍ക്ക് വേണ്ടിയും പ്രത്യേക പ്രദര്‍ശനം വേണ്ടായെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംവരണവിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള പ്രകാശ് ഝായുടെ സിനിമ പ്രദര്‍ശനത്തിന് എത്തിയാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അഭിഭാഷകനായ സംഘരാജ് രൂപവതെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഡി.ഡി. സിന്‍ഹ, എ. ആര്‍. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള കാരണം നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.

ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ക്രമ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡര്‍ വിജയ് പാട്ടീല്‍ കോടതിയെ ബോധിപ്പിച്ചു. മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.