സംസ്ഥാനത്ത് വ്യാപക മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കടൽ പ്രക്ഷുബ്ധം

single-img
30 June 2022

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കടൽ പ്രക്ഷുബ്ധമായി തുടരുന്നു. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 29-06-2022 മുതൽ 04-07-2022 വരെയും, കർണാടക തീരങ്ങളിൽ 29-06-2022 മുതൽ 02-07-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.