അസം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് 51 ലക്ഷം സംഭാവന; ശിവസേന വിമതർ ഗോവയിലേക്ക്

single-img
29 June 2022

 ദിവസങ്ങളായി അസമിലെ ഹോട്ടലിൽ താമസിച്ചിരുന്ന വിമത ശിവസേന എംഎൽഎമാർ ഗോവയിലേക്ക് തിരിച്ചു. അസമിലെ പ്രളയബാധിതർക്ക് 51 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചതിന് ശേഷമാണ് നിയമസഭാംഗങ്ങൾ ഗോവയിലേക്ക് പോയത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കും.

അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 ലക്ഷം രൂപ ശിവസേന എംഎൽഎമാരുടെയും മറ്റ് എംഎൽഎമാരുടെയും സംഭാവനയായി നൽകുമെന്ന് വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു. മഹാപ്രളയത്തിൻറെ ആഘാതത്തിൽ അസം നട്ടംതിരിയുമ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള എം.എൽ.എമാർ ഗുവാഹത്തിയിലെ ആഢംബര റിസോർട്ടിൽ തങ്ങുന്നതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

ദുരിതത്തിനിടെ മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഭാഗമാകുകയാണെന്നും വിമർശനമുയർന്നു. വിമത എംഎൽഎമാർ താമസിച്ചിരുന്ന ഹോട്ടലിൻ മുന്നിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അസമിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ വടക്കൻ അസമിലെ സോനിത്പൂർ, ബിശ്വനാഥ്, ധേമാജി, ലഖിംപൂർ, മജുലി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.