നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറികാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കരുതെന്ന് ദിലീപ്

single-img
29 June 2022

നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയെ എതിർത്ത് ദിലീപ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി നേരത്തെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

എന്നാൽ വീണ്ടും ഒരു ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്നാണ് ദിലീപിന്റെ വാദം. മെമ്മറികാര്‍ഡിന്റെ മിറര്‍ ഇമേജ് ഫൊറന്‍സിക് ലാബിലുണ്ടെന്നും, മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നാണ് ദിലീപിന്റെ വാദം.

മെമ്മറികാര്‍ഡിലും പെന്‍ഡ്രൈവിലുമുള്ള ദൃശ്യങ്ങള്‍ ഒന്നുതന്നെയാണ്. ഹാഷ് വാല്യുവില്‍ എങ്ങനെ മാറ്റമുണ്ടായി എന്നുപരിശോധിക്കേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ വേണമെങ്കില്‍ സാക്ഷിയെ ഒന്നുകൂടി വിസ്തരിക്കേണ്ട ആവശ്യമേയുള്ളൂവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് അയക്കുന്നത് ദിലീപിനെ എങ്ങനെ ബാധിക്കുമെന്ന് വാദത്തിനിടെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.