സ്വർണക്കടത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു; നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല: കെ സുധാകരൻ

single-img
29 June 2022

സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് ശരിയായ മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു.

സ്വപ്ന നൽകിയ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍ പറയുന്നു. അതേപോലെ തന്നെ ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു.

താൻ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, കോൺസുൽ ജനറലിന്‍റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കർ മൊഴിയിൽ പറയുന്നുണ്ട്. സ്വപ്നയാവട്ടെ ആരോപിക്കുന്നത് ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ഇവിടെ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.