ആലപ്പുഴ ജില്ലയിലെ ബിജെപിയുടെ ഏക പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലേക്ക്

single-img
29 June 2022

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്ന ബിജെപി ഇന്ന് പൂജ്യത്തിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞദിവസം പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആശാ വി നായർ പ്രസിഡൻ്റ് സ്ഥാനം രാജി വെച്ചതോടെ ജില്ലയിൽ കയ്യിലിരുന്ന ബിജെപിയുടെ ഏക പഞ്ചായത്തും നഷ്ടമായി

നിലവിൽ ആശാ വി നായർ സിപിഎമ്മിൽ ചേരുവാൻ ഒരുങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശയുടെ കൂടെ നൂറിലധികം ബിജെപി പ്രവർത്തകരും സി പി എമ്മിലേക്ക് എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

ബിജെപിയുടെ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാറിൻ്റെ പഞ്ചായത്താണ് പാണ്ടനാട്. ആശ വി നായർ രണ്ടാം തവണയാണ് ഇവിടെ മെമ്പറാകുന്നത്. ആദ്യതവണ നേടിയതിനെക്കാൾ കൂടുതൽ വോട്ടുകൾ നേടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ എതിരാളികൾ ആരുമില്ലാതെ ആശ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലേക്ക് എത്തുകയായിരുന്നു.

ഏതാനും ദിവസം മുൻപ് ആശ പാണ്ടനാട് ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പദം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ​ഗ്രാമപഞ്ചായത്ത് അം​ഗത്വവും ബിജെപിയുടെ അം​ഗത്വവും രാജിവെക്കുകയും ചെയ്തു. വികസനത്തെ എതിർക്കുന്ന ബിജെപിയുടെ നിലപാടിനൊപ്പം തുടരാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ആശ ബിജെപി അംഗത്വവും പ്രസിഡൻ്റ് പദവിയും ഉപേക്ഷിച്ചത്.

നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരേ അവിശ്വാസം പാസായിരുന്നു. ഇതോടെ പഞ്ചായത്തു പ്രസിഡൻ്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി. പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ആശയേയും കുടുംബത്തേയും വ്യക്തിപരമായി ആക്ഷേപിച്ചെന്നുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ബിജെപി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽകൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ലെന്ന പരാതി മുന്നോട്ടു വച്ചുകൊണ്ടാണ് ആശ പ്രസിഡൻ്റ് പദവിയിൽ നിന്നും രാജി പ്രഖ്യാപിച്ചത്.