മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

single-img
28 June 2022

കഴിഞ്ഞ ദിവസം രാത്രി വൈകി അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനും ഫാക്ട് ചെക്കിങ്ങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈറിനെ ന്യൂഡല്‍ഹി മജിസ്‌ട്രേറ്റ് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഇന്നലെ രാത്രി പത്തരയോടെയാണ് പോലീസ് സുബൈറിനെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് അജയ് നര്‍വാളിന് മുന്നില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുബൈര്‍ നിലവിൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. മതവികാരം വ്രണപ്പെടുത്തി, സമൂഹത്തിൽ വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ പോലീസ് ചുമത്തിയത്.

ഈ മാസം 19ന് രാത്രി 11 മണിക്കായിരുന്നു സുബൈര്‍ പോലീസ് പറയുന്ന രീതിയിലെ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്നാണ് എഫ്.ഐ.ആര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ പേരിലുള്ള ഒരാളുടെ പരാതിയിലാണ് കേസ്. പക്ഷെ പരാതിക്ക് കാരണമായ ട്വീറ്റില്‍ പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ മറ്റൊരു ട്വീറ്റില്‍ മതവിദ്വേഷം വ്രണപ്പെടുത്തുന്ന ഉള്ളടക്കം കണ്ടതിനാലാണ് അറസ്റ്റെന്നാണ് പൊലീസ് ഇപ്പോൾ അവകാശപ്പെടുന്നത്.