വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്; എഎൻ ഷംസീർ

single-img
28 June 2022

കേരളത്തിലെ കോണ്‍ഗ്രസിന് ആകെ അറിയാവുന്ന ഗാന്ധി രാഹുല്‍ ഗാന്ധി മാത്രമാണെന്ന് എഎന്‍ ഷംസീര്‍. മഹാത്മ ഗാന്ധിയെ കോണ്‍ഗ്രസിന് അറിയില്ലെന്നും എഎന്‍ ഷംസീര്‍ എംഎൽഎ. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്. എന്തൊക്കെയായിരുന്നു ബഹളം, ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു. അവസാനം പവനായി ശവമായത് പോലെ അദ്ദേഹം ഇരിക്കുകയാണ്.

സ്വർണ്ണ കടത്തുകേസിൽ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടും അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ല. ഇന്നലെ രാഹുല്‍ ഗാന്ധി വിഷയം കൊണ്ടുവന്നു. ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞു, പക്ഷെ നിങ്ങള്‍ ഓടി കളഞ്ഞു. നിങ്ങളുടെ കുബുദ്ധിയില്‍ ഗാന്ധിയുടെ ഫോട്ടോ പൊളിച്ച് കളഞ്ഞില്ലേ. നിങ്ങള്‍ക്കെന്ത് ഗാന്ധി, ആകെ അറിയുന്ന ഗാന്ധി രാഹുല്‍ ഗാന്ധിയെയാണ്. മഹാത്മ ഗാന്ധിയെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷംസീർ പറയുന്നു.

എഎന്‍ ഷംസീര്‍ നിയമസഭയില്‍ സംസാരിച്ചതിന്റെ പൂർണ്ണരൂപം:

:ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ ആക്രമിക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയവും ആസൂത്രിത പ്രൊപ്പഗണ്ടയുമായി വരുകയാണ്. ഇതിനെ രണ്ടായി തിരിക്കാം. സ്വര്‍ണക്കടത്ത് ആദ്യഭാഗം, ചിത്രമെന്ന സിനിമ ഒരു കൊല്ലം ഓടി, അതിന് സമാനമായി ഒരു കൊല്ലം ഓടിയതാണ്. പക്ഷെ അതിന്റെ പ്രൊഡക്ഷന്‍ കെപിസിസിക്ക് നഷ്ടമായി. സാമ്പത്തികനഷ്ടം, രണ്ട് തെരഞ്ഞെടുപ്പില്‍ പരാജയം, സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വര്‍ണക്കടത്തിന്റെ ഒന്നാം ഭാഗം.

ഇനി രണ്ടാം ഭാഗം.വീണ്ടും വരുകയാണ് ഒരു സ്ത്രീയുമായി യുഡിഎഫ്. അവര്‍ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റു ചോദിക്കുന്നു. ഞങ്ങള്‍ ചോദിക്കുന്നു ചില ചോദ്യങ്ങള്‍, ഫൈസല്‍ ഫരീദ് ആരാണെന്ന് അറിയണ്ടേ. കോണ്‍സുലര്‍ ജനറലിനെ അറിയണ്ടേ. റെനീഷ് എന്ന ഐആര്‍എസ് ഉദ്യോഗസ്ഥനെ നാഗ്പൂരിലേക്ക് മാറ്റിയതിനെക്കുറിച്ച് യുഡിഎഫിന് അറിയണ്ടേ. സ്വര്‍ണത്തിന്റെ കണ്‍സൈന്‍മെന്റ് പിടിച്ചപ്പോള്‍ വിട്ടില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ബിഎംഎസ് നേതാവിനെക്കുറിച്ച് അറിയണ്ടേ. ഇഡി അന്വേഷണം നിര്‍ത്തിയതിനെക്കുറിച്ച് അറിയണ്ടേ. വി മുരളീധരന്റെ പങ്കിനെക്കുറിച്ച് അറിയണ്ടേ. യുഡിഎഫിന് ഇതൊന്നും അറിയണ്ട.

ഇനി ആരാണ് എച്ച്ആര്‍ഡിഎസ്. ആരാണ് കൃഷ്ണരാജ്. കൃഷ്ണരാജ് എന്നാല്‍ വിഷ്‌ലിപ്തമായ വര്‍ഗീയ വിഷം. കുഞ്ഞാലിക്കുട്ടി അറിയണം, ജാനകിയും നവീന്‍ റസാക്കും നൃത്തം ചെയ്തപ്പോള്‍ അതിന് വര്‍ഗീയചുവ നല്‍കിയ വര്‍ഗീയഭ്രാന്തന്‍. ആ വര്‍ഗീയഭ്രാന്തന്‍ പ്രതിപക്ഷ നേതാവിന്റെ ഒക്കചെങ്ങായി. എന്തേ മിണ്ടാത്തത്. 29 വര്‍ഷമായി എനിക്ക് അറിയാമെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഇസ്ലാമോഫോബിയയുണ്ട്. ആദ്യം ഖുറാന്‍, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമാണ്. ഇസ്ലാമോഫോബിയയുടെ പ്രചാരകരായി യുഡിഎഫ് മാറിയിരിക്കുകയാണ്. അതിന്റെ ഭാഗമാണ് ഇത്തരം പ്രചരണം.

ഇസ്ലാമോഫോബിയയുടെ വക്താക്കളായി ലീഗ് മാറാന്‍ പാടുണ്ടോ. കോണ്‍ഗ്രസിനെ പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസ് എന്തും പറയും. എപ്രകാരമാണോ ആദ്യ സ്വര്‍ണക്കടത്ത് പൊട്ടിയത്, അതുപോലെ രണ്ടാം സ്വര്‍ണക്കടത്തും പൊട്ടും. സംശയവുമില്ല. നിങ്ങളുടെ ലക്ഷ്യം പിണറായിയാണെങ്കില്‍ ഒരു കാര്യം പറയാം. പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്ന് വന്നത് ഒരു സുപ്രഭാതത്തില്‍ അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്. യുഡിഎഫും ആര്‍എസ്എസും അദ്ദേഹത്തെ ശാരീരികമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. പിന്നെ എന്തെല്ലാം കഥകള്‍.

ലാവ്‌ലിന്‍ കേസ് പിണറായിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ കെട്ടിപ്പൊക്കിയ കഥയാണ്. ഉമ്മന്‍ചാണ്ടിയാണ് അന്നത്തെ മുഖ്യമന്ത്രി. കിട്ടും എല്ലാത്തിനും, കാലം ഒന്നിനും മറുപടി നല്‍കാതെ പോയിട്ടില്ല. 2006 മാര്‍ച്ച് മാസം ഒന്നാം തീയതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാബിനെറ്റ് തീരുമാനിച്ചു, കേസ് സിബിഐയ്ക്ക് വിടണമെന്ന്. വിജിലന്‍സിനെ കൊണ്ട് അന്വേഷിച്ചിട്ടും തെളിവുകള്‍ കിട്ടിയിട്ടില്ല. പിന്നെ കെട്ടിപ്പൊക്കിയ കഥയില്‍ പറഞ്ഞു കമലാ ഇന്റര്‍നാഷണല്‍. എവിടെ കമല ഇന്റര്‍നാഷണല്‍. കഥകളെ എല്ലാം അതിജീവിച്ച് അദ്ദേഹം രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. തുടര്‍ച്ചയായി രണ്ട് തവണ. ഇത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല.

വംശീയഅധിക്ഷേപവും നടത്തിയില്ലേ. ലീഗിന്റെ സംസ്ഥാന നേതാവ് നടത്തിയ പരാമര്‍ശം എന്താണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്താണ്. വളഞ്ഞിട്ട് ആക്രമിച്ചു, പക്ഷെ, അതിനെ എല്ലാം അതിജീവിച്ച് അദ്ദേഹം കേരളത്തെ മുന്നോട്ട് നയിക്കുന്നു. അദ്ദേഹത്തിന് പിന്നില്‍ കേരളത്തിലെ ജനം അണിനിരക്കുമെന്നതില്‍ സംശയമില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്. എന്തൊക്കെയായിരുന്നു ബഹളം, ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു. അവസാനം പവനായി ശവമായത് പോലെ അദ്ദേഹം ഇരിക്കുകയാണ്.

അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിയിട്ടും അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ല. ഇന്നലെ രാഹുല്‍ ഗാന്ധി വിഷയം കൊണ്ടുവന്നു. ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞു, പക്ഷെ നിങ്ങള്‍ ഓടി കളഞ്ഞു. നിങ്ങളുടെ കുബുദ്ധിയില്‍ ഗാന്ധിയുടെ ഫോട്ടോ പൊളിച്ച് കളഞ്ഞില്ലേ. നിങ്ങള്‍ക്കെന്ത് ഗാന്ധി, ആകെ അറിയുന്ന ഗാന്ധി രാഹുല്‍ ഗാന്ധിയെയാണ്. മഹാത്മ ഗാന്ധിയെ നിങ്ങള്‍ക്ക് അറിയില്ല. പിന്നെ സിദ്ധീഖേ എന്നെ കൊണ്ട് പറയിപ്പിക്കരുത്. മരുഭൂമിയിലെ കഥ പറയിക്കണോ. നിര്‍ബന്ധിക്കരുതെന്ന് സൂചിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവിനോട് ഒന്നേ പറയാനുള്ളൂ. പരസ്പരം നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കണം. നിങ്ങളെ ഞാന്‍ ബഹുമാനിക്കും. അഞ്ച് വര്‍ഷം നിങ്ങളെ ഞാന്‍ ബഹുമാനിച്ചു, ഇനി ബഹുമാനമൊന്നുമില്ല. കാരണം അഹങ്കരത്തിന് കയ്യുംകാലും വന്നു. ഇത്രയും അഹങ്കരം കാണിക്കേണ്ട കാര്യമില്ല. സ്വര്‍ണക്കടത്തിലെ ആരോപണങ്ങള്‍ക്ക് എന്താണ് അപകീര്‍ത്തി നോട്ടീസ് കൊടുക്കാത്തതെന്നാണ് ചോദിക്കുന്നത്. വഴിയില്‍ കുരയ്ക്കുന്ന നായ്ക്കളെ എല്ലാം കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തില്‍ എത്തില്ല. അങ്ങനെ പലരും കുരയ്ക്കും. അതിന്റെയൊന്നും പിന്നാലെ പോകേണ്ട കാര്യം ഞങ്ങള്‍ക്കില്ല. സിബിഐയെക്കുറിച്ച് ചിലര്‍ക്ക് അനക്കമില്ലല്ലോ. സിബിഐ എംഎല്‍എ ഹോസ്റ്റിലെ 33-ാം റൂമില്‍ കയറിയ കഥയെക്കുറിച്ചാണ് ജോയ് പറഞ്ഞത്. ഇനി പല റൂമിലും കയറും. സോളാര്‍ കഥകള്‍ പലതുണ്ടല്ലോ. പറയിപ്പിക്കരുത്.