കണ്ണൂർ സർവകലാശാല അസോ.പ്രൊഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന്റെ നിയമനത്തിന് അംഗീകാരം

single-img
27 June 2022

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് മതിയായ യോഗ്യതയില്ല എന്ന ആരോപണത്തെ തുടർന്ന് മാസങ്ങളായി പൂഴ്‌ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു.

2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ,നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക തസ്തികയായതിനാൽ സർവീസും അദ്ധ്യാപന പരിചയമായി ഉൾപ്പെടുത്താനാവില്ല. എന്നാൽ ഈ കാലയളവുകൾ മുഴുവനും അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് സ്‌ക്രീനിങ് കമ്മിറ്റി പ്രിയ വർഗീസിനെ ഇന്റർവ്യൂ പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണ്ട പ്രിയ വർഗീസിന് ചട്ടപ്രകാരം നാല് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളത് എന്നാണ് ആക്ഷേപം

ഓൺലൈൻ അഭിമുഖത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്ക്കുള്ളത് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങളാണ്. അതേസമയം രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 102 ഗവേഷണ പ്രബന്ധങ്ങൾ ഉണ്ടായിരുന്നു കൂടാതെ 27 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ദേഹം ആറ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കയറിയ പ്രിയയെ പരിഗണിച്ചുവെന്നത് വിവാദമായി.