ഗൗരവതരമായ വീഴ്ചയും ശ്രദ്ധക്കുറവും; ആർഎസ്എസ് വേദിയിലെത്തിയ കെഎൻഎ ഖാദറിന് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ താക്കീത്

single-img
27 June 2022

ആർഎസ്എസ് സംഘടിപ്പിച്ച കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെഎൻഎ. ഖാദറിന് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ താക്കീത്. പ്രസ്തുത നടപടി ഖാദറിന്റെ ഭാഗത്തു നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധക്കുറവുമാണ് എന്ന് ലീഗ് ഓർമ്മപ്പെടുത്തി.

കേവലം ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം ഇതിനെ കണ്ടത് ജാഗ്രതക്കുറവാണ്. അതേസമയം, താക്കീതിനെ തുടർന്ന് തനിക്കുണ്ടായ സൂക്ഷ്മതക്കുറവിൽ ഖാദർ ഖേദം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാർട്ടിയിലെ അംഗങ്ങൾ പരിപാടികളിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലും മറ്റും പ്രതികരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ നയസമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ഇതോടൊപ്പം യോഗം ആവശ്യപ്പെട്ടു.