AMMA ക്ലബ് അല്ല; ഇടവേള ബാബു മാപ്പ് പറയണം: ഗണേഷ് കുമാര്‍

single-img
27 June 2022

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്നും, അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണം എന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ എന്നും ഗണേശ് ചോദിച്ചു. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. കൂടാതെ ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു

നടൻ ഷമ്മി തിലകനെതിരേയുള്ള നടപടിയിലും ഗണേശ് കുമാർ പ്രതിഷേധിച്ചു. ദിലീപ് രാജിവച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും, അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.