ഫാക്ട് ചെക്കിങ്ങ് മീഡിയാ സഹസ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ അറസ്റ്റില്‍; സത്യത്തിന് നേരെയുള്ള ആക്രമണമെന്ന് ശശി തരൂർ

single-img
27 June 2022

ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള വസ്തുതാന്വേഷണ വാര്‍ത്താ മാധ്യമങ്ങളിലൊന്നായ ഇന്ത്യയിലെ ഫാക്ട് ചെക്കിങ്ങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ അറസ്റ്റില്‍. സമൂഹത്തിൽ മതസ്പര്‍ദ്ധ വളര്‍ത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഡല്‍ഹി പൊലീസാണ് മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

വേറെ ഒരു കേസില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ മൊഹമ്മദ് സുബൈറിനെ അപ്രതീക്ഷിതമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ അറിയിച്ചു. മാത്രമല്ല, തങ്ങൾ പല തവണ അഭ്യര്‍ത്ഥിച്ചിട്ടും എഫ്‌ഐആര്‍ കോപ്പി പോലും നല്‍കിയില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

‘സ്‌പെഷ്യല്‍ സെല്‍’ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് മൊഹമ്മദ് സുബൈറിന്റെ അറസ്റ്റെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രതികരണം. മൊഹമ്മദ് സുബൈറിനെതിരെ വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ട് നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം, ഇദ്ദേഹത്തിന്റെ അറസ്റ്റ് സത്യത്തിന് നേര്‍ക്കുള്ള ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ‘തെറ്റായ വിവരങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലെ സത്യാനന്തര രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യയില്‍ വസ്തുതാന്വേഷണമെന്ന നിര്‍ണായക സേവനമനുഷ്ടിക്കുന്നവരില്‍ ഒന്നാണ് ആള്‍ട്ട് ന്യൂസ്. ആര് സൃഷ്ടിച്ചെടുക്കുന്ന കളവിന്റേയും മറ നീക്കുന്നവരാണ് അവര്‍. മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യല്‍ സത്യത്തിന് നേരെയുള്ള ആക്രമണമാണ്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണ്.’- തരൂർ ട്വീറ്റ് ചെയ്തു.