ദേശാഭിമാനി ഓഫിസ് ആക്രമണം; കെഎസ്‌‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ഉൾപ്പടെ ഏഴു പേർ അറസ്റ്റിൽ

single-img
27 June 2022

ദേശാഭിമാനി വയനാട്‌ ബ്യൂറോയ്‌ക്ക്‌ നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരെയാണ്‌ കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ പിന്നീട്‌ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഓഫീസിന് നേരെയുള്ള കല്ലേറില്‍ ജനൽ ചില്ലുകൾ തകർന്നിരുന്നു. ദേശാഭിമാനി അധികൃതര്‍ നല്‍കിയ പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവായൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തിരുന്നു.

രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെതിരെ വയനാട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച കൂറ്റൻ പ്രതിഷേധ മാർച്ചിനിടെയാണ് ദേശാഭിമാനിയുടെ ഓഫിസിനു നേരെ ആക്രമണമുണ്ടായത്. സിപിഎം ഓഫീസുകള്‍ക്ക് നേരെയും ദേശാഭിമാനി പത്രത്തിന് നേരെയും നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. സി പി എമ്മിൻറെ ഓഫിസുകളും പത്ര സ്ഥാപനങ്ങളും ആക്രമിക്കുകയാമെന്നും കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു