മദ്യലഹരിയിൽ കൈയ്യിൽ നിന്ന് പോയത് ഒരു പെൻഡ്രൈവ്; നഷ്ടമായത് 4.6 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങൾ

single-img
25 June 2022

ജോലിക്ഷീണം അകറ്റാൻ ഒരു രാത്രി ഒന്ന് മദ്യപിച്ചതിനു ഒരാളുടെ കൈയിൽ നിന്നും നഷ്ടമായത് ഒരു നഗരത്തിന്റെ മുഴുവൻ ഡാറ്റ ആണ്. സഹപ്രവർത്തകരോടൊപ്പം രാത്രി മദ്യപിക്കാൻ പുറത്തുപോയ ജപ്പാനിലെ ഒരു പ്രൈവറ്റ് കോൺട്രാക്ടർക്കാണ് അബദ്ധം പിണഞ്ഞത്. മദ്യലഹരിയിൽ ഈ വ്യക്തിയുടെ കൈയ്യിൽ നിന്ന് ഒരു പെൻഡ്രൈവ് നഷ്ടമായി. അതിലുള്ളതാകട്ടെ, 4.6 ലക്ഷം ആളുകളുടെ സ്വകാര്യ വിവരങ്ങളായിരുന്നു.

ജപ്പാനിലെ വടക്കുപടിഞ്ഞാറുള്ള അമാഗസാക്കി നഗരത്തിലെ 460,000 നിവാസികളുടെ സ്വകാര്യ വിവരങ്ങളാണ് ആ മെമ്മറി സ്റ്റിക്കിലുള്ളത്. പേര് വെളിപ്പെടുത്താത്ത ഇയാളുടെ നടപടി രാജ്യവ്യാപകമായി വാർത്തയാവുകയും ചെയ്തു.കോവിഡ് ബാധിതരുടെ ദുരിതാശ്വാസ ഫണ്ടുകൾ നഗരവാസികൾക്ക് എത്തിക്കുന്നതിനുള്ള സഹായത്തിനായി നിയോഗിച്ചതായിരുന്നു അയാളെ.

ഏകദേശം 40 വയസ് പ്രായമുള്ള ഉദ്യോഗസ്ഥൻ ഒരു റെസ്റ്റോറന്റിൽ നിന്ന് മദ്യം കഴിച്ച് തെരുവിൽ ഉറങ്ങിപ്പോവുകയും ഉണർന്നപ്പോൾ ഫ്ലാഷ് ഡ്രൈവ് അടങ്ങിയ അയാളുടെ ബാഗ് നഷ്ടപ്പെട്ടതായും ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ നഷ്‌ടമായ ഡ്രൈവിൽ നഗരവാസികളായ എല്ലാവരുടേയും പേരുകൾ, വിലാസങ്ങൾ, ജനനത്തീയതി എന്നിവയടങ്ങിയ വിവരങ്ങളും ധനസഹായം സ്വീകരിക്കുന്ന കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റ് സ്വകാര്യ വിവരങ്ങളുമുണ്ട്.

പക്ഷേ ഇതുവരെ, വിവരങ്ങൾ ചോർന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. പെൻഡ്രൈവിന് ശക്തമായ പാസ് വേർഡ് ലോക്കുള്ളതായും അവർ പറഞ്ഞു.