അമിത് ഷായുടെ അഭിമുഖം; വ്യാജ രേഖ ചമച്ചതിന് ടീസ്റ്റ സെതൽവാദിനെതിരെ എഫ്ഐആർ

single-img
25 June 2022

പ്രശസ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് ​പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്ക്കെതിരെ എഫ്ഐആർ സമർപ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന് ജാവേദ് പറഞ്ഞതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് പൊലീസ് എത്തിയതെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻജിഒ അടിസ്ഥാനരഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടീസ്റ്റയെ തേടി ഗുജറാത്ത് പൊലീസ് എത്തിയത്.

” ഞാൻ കോടതിയുടെ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയിൽ ടീസ്റ്റ സെതൽവാദിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നുണ്ട്. അവർ നടത്തുന്ന എൻജിഒ – എൻജിഒയുടെ പേര് എനിക്ക് ഓർമയില്ല, ടീസ്റ്റ കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയിരുന്നു.”- എന്നുമായിരുന്നു അമിത് ഷാ അഭിമുഖത്തിൽ പറഞ്ഞത്.