സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം: കെകെ രമ

single-img
24 June 2022

വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ എം.പി. ഓഫീസ് അടിച്ചു തകർത്ത നടപടി അതീവ വിചിത്രവും അത്യന്തം പ്രതിഷേധാർഹവുമാണ് എന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ . സുപ്രീം കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധിക്ക് എന്ത് പങ്കാണുള്ളത്? മാത്രമല്ല കോൺഗ്രസും യു.ഡി.എഫും ആ വിഷയത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുമുമുണ്ടെന്നും രമ ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ രാഹുൽ ഗാന്ധിയെ ഡെക്കാൻ ഹെറാൾഡ് വിഷയത്തിലെ അന്വേഷണത്തിന്റെ പേരിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേന്ദ്ര ഭരണകൂടവും ഇ.ഡി.അടക്കമുള അന്വേഷണ ഏജൻസികളും. ഈയൊരു സാഹചര്യത്തിൽ കേന്ദ്രഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് നടപ്പാക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം. ആ നയത്തിന്റെ തുടർച്ചയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായ നടപടിയുമെന്നും രമ പറഞ്ഞു.

ആധുനിക ഇന്ത്യക്ക് അസ്തിവാരമിട്ട പുരോഗമനവാദിയും മതേതരവാദിയുമായ ജവഹർലാൽ നെഹ്രുവിനോടുള്ള സംഘ പരിവാർ പക പകൽ പോലെ വ്യക്തമാണ്. ഒരു ഫാസിസ്റ്റ് കാലഇന്ത്യയിലെ മതേതര ജനാധിപത്യ ചേരിക്ക് കരുത്തു പകരുന്ന രാഷ്ട്രീയ സാന്നിദ്ധ്യമാണ് നെഹ്രു കുടുംബത്തിന്റേത്. എന്നിട്ടും സാമാന്യ ചരിത്രബോധമുള്ള ഏതൊരു മനുഷ്യനും മൂക്കത്ത് വിരൽ വച്ച് പോവുന്ന നുണകളാണ് സംഘപരിവാർ സൈബർ ഫാക്ടറികളിൽ നിന്ന് പടച്ച് വിടുന്നത്.

അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്തത്. അതിന്റെ തുടർച്ചയാണ് രാഹുലിന്റെ ഓഫീസിനെതിരായ കടന്നാക്രമണവും.

സംഘ പരിവാർ ശക്തികളുടെ കൈക്കോടാലിയായി നിന്ന് താൽക്കാലിക നേട്ടങ്ങൾക്ക് സിപിഎം വെട്ടുന്ന ഈ നെറികെട്ട ചാലുകളിലൂടെ കേരളത്തിന്റെ മതേതര ജീവിതം കടലെടുത്തു പോവാതിരിക്കാൻ അതീവശ്രമകരമായ ജാഗ്രതയും ഐക്യവും ജനാധിപത്യ ശക്തികൾ വളർത്തിക്കൊണ്ടുവരണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.