ഇസ്ലാമിന് എതിര്: മാലദ്വീപിൽ ഇന്ത്യ സംഘടിപ്പിച്ച യോഗാ ദിനാഘോഷം തടസപ്പെടുത്തി പ്രതിഷേധക്കാർ

single-img
21 June 2022

മാലദ്വീപിൽ ഇന്ത്യൻ പ്രവാസി സമൂഹം സംഘടിപ്പിച്ച ലോക യോഗാദിന പരിപാടി തടസപ്പെടുത്തി ഒരു സംഘം പ്രതിഷേധക്കാർ. ആളുകൾ യോഗ തുടരുന്നതിനിടെ വടികളുമായെത്തിയ സംഘം യോഗ ചെയ്യുന്നവരെ മർദ്ദിക്കുകയായിരുന്നു.

മാലദ്വീപ് നാഷണൽ ഫുഡ്‌ബോൾ സ്‌റ്റേഡിയത്തിൽ നടന്ന യോഗ പരിപാടിക്കിടെയാണ് സംഭവം. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. യോഗ ഇസ്ലാമിന് എതിരാണെന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാർ മൈതാനത്തേക്ക് എത്തിയത്.

അതേസമയം, ആക്രമണത്തിന് പിന്നിൽ തീവ്രനിലപാടുള്ള സംഘടനകളാണെന്നും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സോലിഹ് മാധ്യമങ്ങളെ അറിയിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും എത്തിയ പ്രതിഷേധക്കാർ യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും സദസ്സിലുള്ളവർ ഉടൻ സ്റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ട് ആളുകളെ മർദ്ദിക്കുകയായിരുന്നു.

ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും വേദിയിൽ സന്നിഹിതരായിരുന്നു. ഇവിടെ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്.