ഇന്ധന പ്രതിസന്ധി രൂക്ഷം; സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്ക

single-img
21 June 2022

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ഇന്ധന പ്രതിസന്ധിയും രൂക്ഷമായതിനാൽ രാജ്യത്തെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. ഇന്നലെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സേവനങ്ങൾക്കായുള്ള സർക്കാർ ഓഫീസുകൾ മാത്രമാണ് പ്രവർത്തിച്ചത്.

ഇന്ധനം ഇറക്കുമതി ചെയ്യാൻ ആവശ്യമായ വിദേശനാണ്യം ഇല്ലാത്തതാണ് ശ്രീലങ്കയിലെ പ്രതിസന്ധി ഇത്രമാത്രം രൂക്ഷമാക്കിയത്. രാജ്യത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് പുതിയ ഇന്ധന സ്റ്റോക്ക് ഉണ്ടാകില്ലെന്ന് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിട്ടും പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളമുള്ള ക്യൂ ജനങ്ങൾ ഇപ്പോഴും തുടരുകയാണ്.

അതേസമയം, സ്റ്റോക്കുള്ള ലഭ്യമായ ഇന്ധനം അവശ്യസേവന വിഭാഗങ്ങൾക്കാണ് നിലവിൽ നൽകുന്നത്. ഇതിനെല്ലാം പുറമെ വെെദ്യുതി പ്രതിസന്ധിയും വളരെ രൂക്ഷമാകുകയാണ്. ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു. ഇതിനെ തുടർന്ന് ഗർഭിണികൾക്ക്‌ ഭക്ഷണം നൽകാനുള്ള നടപടികളും ആരംഭിച്ചു.

ലഭിക്കാവുന്ന ഇടങ്ങളിൽ നിന്നെല്ലാം കൂടുതൽ വായ്പ സമാഹരിച്ചും നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ചും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഐഎംഎഫ് പ്രതിനിധി ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തുകയുമുണ്ടായി