രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി; നാലാം തവണയും ചോദ്യം ചെയ്യും; പ്രതിഷേധം നടത്താൻ കോൺഗ്രസ്

single-img
16 June 2022

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിടാതെ കേന്ദ്ര അന്വേഷണ ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ ഭാഗമായി വെള്ളിയാഴ്ച നാലാം തവണയും ചോദ്യം ചെയ്യും.

ഏകദേശം നൂറിലധികം ചോദ്യങ്ങള്‍ ഇതിനോടകം ചോദിച്ചെങ്കിലും മിക്കതിലും വ്യക്തത വരുത്തേണ്ടതുണ്ടൈന്നാണ് ഇഡിയുടെ നിലപാട്. അന്വേഷണ ഏജൻസിയുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തെ ഭരണസിരാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും. ഇന്ന് രാജ്യവ്യാപകമായി രാജ് ഭവനുകള്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന നടന്ന പ്രതിഷേധങ്ങളില്‍ 240ല്‍ അധികം പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിനമായ ബുധനാഴ്ച എട്ട് മണിക്കൂറാണ് രാഹുല്‍ ഇ ഡി ഓഫീസില്‍ കഴിഞ്ഞത്. യംഗ് ഇന്ത്യന്‍ ഒരു ജീവകാരുണ്യ സംഘടനയെന്നും അതില്‍ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി മൊഴി നൽകിയിരുന്നു. അതേസമയം യംഗ് ഇന്ത്യന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തെളിവില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു.