രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ നൽകിയ ഹർജി തള്ളിയത് മാധ്യമങ്ങൾ അറിഞ്ഞില്ല; വിമർശനവുമായി എംവി ജയരാജന്‍

single-img
9 June 2022

സ്വർണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ ഇടംനേടിയതോടെ മുങ്ങിപ്പോകുന്ന ചിലപ്രധാന വാര്‍ത്തകളുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

രമേശ് ചെന്നിത്തല ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും അന്നത്തെ മന്ത്രി തോമസ് ഐസക്കിനുമെതിരെ സമര്‍പ്പിച്ച അഴിമതി ആരോപണക്കേസ് മെറിറ്റിലേക്ക് പോലും കടക്കാതെ ലോകായുക്ത ഡിവിഷന്‍ബെഞ്ച് തള്ളി എന്ന വാര്‍ത്ത വിവാദസ്ത്രീയുടെ വിവാദത്തിനിടയില്‍ മുങ്ങിപ്പോയി എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

രാഷ്ട്രീയപ്രേരിതമായി നല്‍കിയ ഇത്തരം പരാതികളും കേസുകളും, ആരോപണമുന്നയിക്കുന്ന ഘട്ടത്തില്‍ ബ്രേക്കിങ്ങ് ന്യൂസുകളാണെങ്കിലും, അത് തള്ളിക്കളഞ്ഞാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. ഇത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാര്‍ട്ടികളെക്കാള്‍ മ്ലേച്ഛമാണെന്നും ജയരാജൻ പറയുന്നു.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിനെതിരെ ഒരു സ്ഫോടനം ഉണ്ടാക്കാനായി അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും അന്നത്തെ മന്ത്രി തോമസ് ഐസക്കിനുമെതിരെ സമര്‍പ്പിച്ച അഴിമതി ആരോപണക്കേസ് മെറിറ്റിലേക്ക് പോലും കടക്കാതെ ലോകായുക്ത ഡിവിഷന്‍ബെഞ്ച് തള്ളി എന്ന വാര്‍ത്ത വിവാദസ്ത്രീയുടെ വിവാദത്തിനിടയില്‍ മുങ്ങിപ്പോയി. നേരത്തേ വലതുപക്ഷ മാധ്യമങ്ങള്‍ ഇവയൊക്കെ മുന്‍പേജില്‍ എട്ടുകോളം വാര്‍ത്തകളും ദിവസങ്ങളോളം ചാനല്‍ ചര്‍ച്ചകളും നടത്തി ആഘോഷിച്ചതാണ്. എന്നാലിപ്പോള്‍ തള്ളിയത് വാര്‍ത്തപോലുമായില്ല.

കിഫ്ബി മുഖേന 9700 കോടി രൂപ ചെലവില്‍ ആരംഭിച്ച കോട്ടയം കോലത്തുനാട് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് 260 കോടി രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു ചെന്നിത്തലയുടെ ആരോപണം. പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി തേടി ഗവര്‍ണര്‍ക്ക് നല്‍കിയ ഹരജി നേരത്തെ തന്നെ തള്ളിയിരുന്നു.

സുതാര്യമായി നടക്കുന്ന പദ്ധതികള്‍ക്കെതിരെ യാതൊരു വസ്തുതയുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു അന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ലോകായുക്തയില്‍ പരാതി നല്‍കാതെ മാന്യത കാണിക്കാമായിരുന്നു അന്നത്തെ പ്രതിപക്ഷനേതാവിന്. ഇപ്പോള്‍ അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന നിരീക്ഷണത്തോടെ ലോകയുക്തയും തള്ളി. ചുരുക്കത്തില്‍ ചെന്നിത്തലയ്ക്ക് ഇരട്ട പ്രഹരമാണ് കിട്ടിയത്.

ദുരിതാശ്വാസനിധിയിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും സഹകരണമേഖലയിലെ നിയമനം സംബന്ധിച്ച് കടകംപള്ളിക്കും ബാലാവകാശ കമ്മീഷന്‍ നിയമനം സംബന്ധിച്ച് കെകെ ശൈലജ ടീച്ചര്‍ക്കും ഖുറാന്‍ കടത്തിയത് വാഹനങ്ങള്‍ ദുരുപയോഗം ചെയ്താണെന്ന് ആരോപിച്ച് കെ.ടി. ജലീലിനുമെതിരെ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ലോകായുക്തയില്‍ നല്‍കിയ ഹരജികളെല്ലാം ഇതിനകം തള്ളിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചുവരികയാണ്.

രാഷ്ട്രീയപ്രേരിതമായി നല്‍കിയ ഇത്തരം പരാതികളും കേസുകളും, ആരോപണമുന്നയിക്കുന്ന ഘട്ടത്തില്‍ ബ്രേക്കിങ്ങ് ന്യൂസുകളാണെങ്കിലും, അത് തള്ളിക്കളഞ്ഞാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. ഇത് ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന വലതുപക്ഷ പാര്‍ട്ടികളെക്കാള്‍ മ്ലേച്ഛമാണ്.