അസം മേഘാലയ അരുണാചൽ; വടക്ക് കിഴക്കൻ ഇന്ത്യ മഹാപ്രളയത്തിലേക്ക്

single-img
9 June 2022

വടക്കുകിഴക്കൻ ഇന്ത്യയിൽ കഴിഞ്ഞ മാസം പതിനാലുമുതൽ തകർത്തു പെയ്യുന്ന മഴ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. കൂടുതൽ ശക്തമായ പ്രളയക്കെടുതികൾ നേരിടുന്ന അസമിൽ മാത്രം മുങ്ങിമരിച്ചത് ഒമ്പതു പേരാണ്.

സംസ്ഥാനത്തെ 29 ജില്ലകളിലായി ഏഴുലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീടുനഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോൾ അതിവർഷം തുടരുകയാണ്.

ഈ വ്യാഴാഴ്ച പുലർച്ചെ മേഘാലയയിലെ ഗാരോ ഹിൽസിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസ്സുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി. ഈ മാസം 12 വരെ അസമിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.