പാപ്പരെന്ന് പറഞ്ഞ അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളില്‍ ഉടമസ്ഥാവകാശവും

single-img
8 June 2022

ബ്രിട്ടൻ കോടതിയിൽ പാപ്പരായ അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളില്‍ ഉടമസ്ഥാവകാശവും ഉണ്ടെന്ന വന്‍ വെളിപ്പെടുത്തലുമായി മുംബൈ ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം രംഗത്തെത്തി. അനില്‍ അംബാനി ചെയര്‍മാനായ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് വിദേശത്ത് 800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് ഏജൻസിയുടെ കണ്ടെത്തല്‍.

ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കള്ളപ്പണ നിയമപ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി. രണ്ട് വിദേശരാജ്യങ്ങളില്‍ അംബാനിക്ക് കമ്പനികളുണ്ട്. ബഹാമാസിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലുമാണ് അംബാനിയുടെ കമ്പനികള്‍. 2006ലാണ് അനില്‍ അംബാനി ബഹാമാസില്‍ ഡയമണ്ട് ട്രസ്റ്റ് രൂപീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

പിന്നാലെ ഡ്രീംവര്‍ക്ക് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയും തുടങ്ങി. പ്രത്യേക്ഷ നികുതി വകുപ്പ് ഈ കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ ബഹാമാസിനോട് അന്വേഷിക്കുകയും സ്വിസ്ബാങ്കിന്റെ ഒരു അക്കൗണ്ടുമായി കമ്പനി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 2010ലാണ് പിന്നീട് അംബാനി രണ്ടാമത്തെ കമ്പനി രുപീകരിച്ചത്. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രേഡിങ് അണ്‍ലിമിറ്റിഡ് എന്ന പേരിലായിരുന്നു കമ്പനി. ബാങ്ക് ഓഫ് സൈപ്രസുമായാണ് കമ്പനിക്ക് ബന്ധം.

അതേസമയം, മുൻപ് തന്റെ കൈവശം സമ്പത്തൊന്നും ബാക്കിയില്ലെന്നും ആഭരണങ്ങള്‍ വിറ്റാണ് കോടതിച്ചെലവുകള്‍ വഹിച്ചതെന്നും അംബാനി യു കെ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അംബാനിയും കൂട്ടരും ചേര്‍ന്ന് 18ഓളം കമ്പനികള്‍ 2007നും 2010നും ഇടയില്‍ തുടങ്ങിയെന്നാണ് വെളിപ്പെടുത്തല്‍. ഈ കമ്പനികള്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ വിവിധ മേഖലകളിലായി നിക്ഷേപിച്ചിട്ടുണ്ട്.