പ്രവാചക നിന്ദ; കുവൈറ്റിലെ സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു

single-img
6 June 2022

ബിജെപി ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദ പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം ശക്തമാകുകയാണ് . ഇതിന്റെ ഭാഗമായി കുവൈറ്റിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചു. കുവൈറ്റിലെ അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിൽ നിന്നാണ് ഇന്ത്യൻ ഉത്പന്നങ്ങൾ പിൻവലിച്ചത്.

ഇവരുടെ ശൃംഖലയിലെ സ്റ്റോറുകളിലെല്ലാം വ്യാപകമായി ഇന്ത്യൻ ഉത്പന്ന ബഹിഷ്കരണം നടക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾ ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്നെടുത്ത് ട്രോളികളിൽ കൂട്ടിയിട്ടു. അരിച്ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള സാധനങ്ങൾ അടുക്കിവച്ചിരിക്കുന്ന അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുകയാണ്.

ഇതോടൊപ്പം തന്നെ ‘ഞങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ രേഖപ്പെടുത്തിയ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.