പോർമുഖം തുറന്ന് ബിജെപി; ബിജെപിയുടെ തെരെഞ്ഞെടുപ്പ് സ്ട്രാറ്റജി പരാജയപ്പെട്ടെന്ന് പി കെ കൃഷ്ണദാസ് പക്ഷം

single-img
5 June 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. പി കെ കൃഷ്ണദാസ് വിഭാഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിച്ചില്ലെന്ന് ബിജെപി ഔദ്യോഗിക വിഭാഗം പറയുന്നു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ തെരെഞ്ഞെടുപ്പ് സ്ട്രാറ്റജി പരാജയപ്പെട്ടെന്ന് പി കെ കൃഷ്ണദാസ് പക്ഷം വിമർശിച്ചു.

കാര്യമെന്തായാലും മണ്ഡലത്തിലെ കനത്ത പരാജയത്തിന്റെ വിശദീകരണം നൽകണമെന്ന് ചുമതലക്കാരോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.കൃത്യമായ രീതിയിൽ പ്രചാരണ പ്രവർത്തന ഏകോപനം നടന്നില്ല പ്രചാരണം ജനങ്ങളുടെ അടുത്തേക്ക് എത്തിയിട്ടില്ല. ഘടക കക്ഷികൾക്ക് പരിഗണന നൽകിയില്ല തുടങ്ങിയ ആരോപണങ്ങളാണ് പി കെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്.

ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് ചുമതലയുണ്ടായിരുന്ന തമ്മനം മേഖലയിൽ വോട്ട് കുറഞ്ഞു എന്ന് ഔദ്യോഗിക പക്ഷം ആരോപിക്കുന്നു. ഇതോടൊപ്പം സ്ഥാനാർത്ഥി എ എൻ രാധാകൃഷ്‌ണൻ നേതൃത്വവുമായി സഹകരിക്കാതെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റിയെന്നും വിമർശിച്ചു. അതേസമയം, തൃക്കാക്കരയിൽ ബിജെപി വോട്ട് ചോർന്നത് സംസ്ഥാന നേതൃത്വത്തിൻറെ അറിവോടെയാണ് എന്നതാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിൻറെ നിലപാട്. നിലവിൽ സുരേന്ദ്രനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ വി.മുരളീധരനും അറിയിച്ചിട്ടുണ്ട്.