കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യാൻ പാടില്ല; നിരോധനവുമായി ഹൈക്കോടതി

single-img
1 June 2022

കൊച്ചി നഗരപരിധിക്കുള്ളിൽ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേരളാ ഹൈക്കോടതി. റോഡുകൾ നിറഞ്ഞ് ബസുകള്‍ ഓടിക്കുന്നതിനും ഓട്ടോറിക്ഷകളുടെ നിയമലംഘനങ്ങള്‍ക്കുമെതിരെ ഹൈക്കോടതി കര്‍ശനമായ ഉത്തരവ് ഇറക്കുകയായിരുന്നു. പ്രധാനമായും സ്വകാര്യ ബസുകള്‍ റോഡ് നിറഞ്ഞ് ഓടുന്നത് കൊണ്ടുള്ള ട്രാഫിക്ക് കുരുക്കുകല്‍ കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ നഗരപരിധിയില്‍ ഓവര്‍ടേക്കിംഗ് പാടില്ലെന്നും ഹോണ്‍മുഴക്കരുതെന്നും വ്യക്തമാക്കുന്നതാണ് ഉത്തരവ്. അതേസമയം, ഓട്ടോറിക്ഷകള്‍ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളു. ഇഷ്ടമുള്ള ഇടത്ത് തോന്നുന്നതുപോലെ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി വിലയിരുത്തി.

ഇതോടൊപ്പം നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും കോടതി നിര്‍ദേശം നൽകുകയും ചെയ്തു. പലപ്പോഴും ഡ്രൈവർമാർ സിഗ്നലുകള്‍ നോക്കാതെയും നല്‍കാതെയും ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.